Gulf

ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായിട്ട് 19 വര്‍ഷം

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2006 ജനുവരി നാലിനായിരുന്നു ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായി അധികാരമേറ്റത്. സഹോദരനും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വിയോഗത്തോടെയായിരുന്നു സ്ഥാനാരോഹണം. തൊട്ടടുത്ത ദിവസം തന്നെ ശൈഖ് മുഹമ്മദ് യുഎഇയുടെ വൈസ് പ്രസിഡന്റായും നിയമിക്കപ്പെട്ടുവെന്നതും ചരിത്രം.

1995 ജനുവരി മൂന്നിനായിരുന്നു ശൈഖ് മുഹമ്മദിനെ ദുബൈയുടെ കിരീടാവകാശിയായി പരേതനായ ശൈഖ് മക്തൂം പ്രഖ്യാപിക്കുന്നത്. ദുബൈയുടെ അധികാരത്തിലേക്കു വരുന്നതിന് മുന്‍പ് തന്നെ നല്ലൊരു കുതിരയോട്ടക്കാരനും കവിയും വീക്ഷണമുള്ള നേതാവുമെന്ന നിലയിലെല്ലാം ശൈഖ് മുഹമ്മദ് പ്രശസ്തനായിരുന്നു. ചെറു പ്രായത്തില്‍തന്നെ ഫാല്‍കണുകളെ വേട്ടയാടുന്നതില്‍ നൈപുണ്യം നേടിയിരുന്നു. മക്തൂം സഹോരങ്ങള്‍ തങ്ങളുടെ പിതാവില്‍നിന്നായിരുന്നു കുതിരയോട്ടത്തിന്റെ പാഠങ്ങള്‍ പഠിച്ചത്.

നാലാം വയസില്‍ സ്വകാര്യ ട്യൂട്ടറുടെ മേല്‍നോട്ടത്തില്‍ അറബിയും ഇസ്ലാമിക് പഠനവും ആരംഭിക്കുകയും പിന്നീട് ദെയ്‌റയിലെ അല്‍ അഹമ്ദിയ സ്‌കൂളില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമിടുകയും ചെയ്തു. പത്താം വയസിലായിരുന്നു അല്‍ ഷാബ് സ്‌കൂളിലേക്കെത്തുന്നത്. പിന്നീട് ദുബൈ സെക്കന്ററി സ്‌കൂളിലേക്ക് മാറി. ലണ്ടണിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗേജ്വസിലും മോണ്‍സ് ഓഫിസേഴ്‌സ് കാഡറ്റ് സ്‌കൂളിലുമായിരുന്നു ഉന്നതപഠനം. ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള സോഡ് ഓഫ് ഹോണറും കരസ്ഥമായിക്കിയായിരുന്നു ഓഫിസര്‍ കാഡെറ്റ് പഠനം പൂര്‍ത്തിയാക്കിയത്.

1968 നവംബര്‍ ഒന്നിന് പരേതനായ ശൈഖ് റാശിദ് ശൈഖ് മുഹമ്മദിനെ ദുബൈ പൊലിസിന്റെയും പൊതസുരക്ഷാ വിഭാഗത്തിന്റെയും മേധാവിയായി നിയമിച്ചു. അതായിരുന്നു ശൈഖ് മുഹമ്മദ് കൈയാളുന്ന ആദ്യ പൊതുപദവി. 1971 ഡിസംബര്‍ രണ്ടിന് യുഎഇ രൂപീകൃതമായപ്പോള്‍ ശൈഖ് മക്തൂം പ്രധാനമന്ത്രിയാവുകയും ശൈഖ് മുഹമ്മദിനെ ജനറല്‍ റാങ്കോടെ പ്രതിരോധ മന്ത്രിയായി നിയമിക്കുകയുമായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയായിരുന്നു ശൈഖ് മുഹമ്മദ്.

ദുബൈ ഡ്രൈ ഡോക്‌സ്, ദുബൈ രാജ്യാന്തര വിമാനത്താവളം, ജബല്‍ അലി ഫ്രീ സോണ്‍, ജബല്‍ അലി വിമാനത്താവളം, ഡിഎസ്എഫ്, ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ ഐലന്റ്, ബുര്‍ജ് ഖലീഫ, ദുബൈ മീഡിയാ സിറ്റി, ദുബൈ ഇന്റെര്‍നെറ്റ് സിറ്റി തുടങ്ങി ഇന്ന് നാം കാണുന്ന ദുബൈയുടെ അഭിമാനമായ മിക്കതിന്റെയും ശില്‍പിയെന്നത് ദീര്‍ഘവീക്ഷണമുള്ള ശൈഖ് മഹുമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്ന ഭരണാധികാരിയായിരുന്നു.

The post ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായിട്ട് 19 വര്‍ഷം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button