Gulf

അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തി സഊദി വനിത; ലക്ഷ്യം പൂര്‍ത്തീകരിച്ചത് പതിനൊന്നര മണിക്കൂറെടുത്ത്

റിയാദ്: സഊദി നീന്തല്‍താരം അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തിയത് പതിനൊന്നര മണിക്കൂറെടുത്ത്. ഖാലിദ് ബിന്‍ ഹമദ് സിമ്മിങ് ചാലഞ്ചിന്റെ ഭാഗമായാണ് സഊദി വനിതയായ ഡോ. മറിയം ബിന്‍ലാദന്‍ 11 മണിക്കൂറും 25 മിനുട്ടും 47 സെക്കന്റുമെടുത്ത് 30 കിലോമീറ്റര്‍ ദൂരം താണ്ടിയത്. സഊദി നഗരമായ അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലെ സല്‍മാന്‍ നഗരത്തിലേക്കാണ് ഇവര്‍ ഗള്‍ഫ് ഓഫ് ബഹ്‌റൈന്‍ മുറിച്ചുകടന്ന് നീന്തിക്കയറിയത്.

2022ല്‍ ചെങ്കടല്‍ മുറിച്ചുകടന്ന് ഈജിപ്തില്‍ എത്തുന്ന ഓപണ്‍ വാട്ടര്‍ സിമ്മറായ ആദ്യ അറബ് വനിതയെന്ന റെക്കാര്‍ഡും ഇവര്‍ നേടിയിരുന്നു. 2017ല്‍ ദുബൈ ക്രീക്കിന്റെ 24 കിലോമീറ്റര്‍ ദൂരവും ഇവര്‍ നീന്തിക്കയറിയിരുന്നു. 2016ല്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യ അറബ് വനിതയെന്ന റെക്കാര്‍ഡും ഇവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

കഴിഞ്ഞ ഏഴു വര്‍ഷമായി തന്റെ മനസിന്റെ റഡാറില്‍ സൂക്ഷിച്ചിരുന്ന സ്വപ്‌നമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നതെന്ന് ദൗത്യം ഡിസംബര്‍ 26ന് പൂര്‍ത്തീകരിച്ച അവസരത്തില്‍ ഇവര്‍ പ്രതികരിച്ചിരുന്നു. ഗള്‍ഫ് ഓഫ് ബഹ്‌റൈനിന്റെ പ്രവചിക്കാനാവാത്ത കാലാവസ്ഥയാണ് ഇത്രകാലം സ്വപ്‌നം പൂവണിയുന്നതിന് തടസമായി നിലകൊണ്ടത്. കടലിലെ കാറ്റ്, താപനില, തിരകളുടെ സവിശേഷതകള്‍ തുടങ്ങിയവയെക്കുറിച്ച് ദീര്‍ഘകാലം പഠനം നടത്തിയാണ് ഉദ്യമത്തിനുള്ള സമയം കുറിച്ചത്.

കടലിലെ അപകടകാരികളായ സ്രാവുകളെ ഒഴിവാക്കാന്‍ അവ തീറ്റതേടുന്ന സമയത്തെക്കുറിച്ചും വിശദമായി പഠിച്ചു. അല്‍ കോബാറിലെ വാട്ടര്‍ ടവറിന് സമീപത്തുനിന്നാണ് പുലര്‍ച്ചെ 1.50ന് ദൗത്യത്തിന് തുടക്കമിട്ടത്. ആ അവസരത്തില്‍ കാഴ്ച പൂജ്യമായിരുന്നു. തീര്‍ത്തും അന്ധമായ അവസ്ഥയിലാണ് നീന്തിതുടങ്ങിയത്. കടല്‍വെള്ളത്തിന് നല്ല തണുപ്പായിരുന്നു. 17നും 22നും ഇടയിലായിരുന്നു ആ സയമത്തെ താപനിലയെന്നും അവര്‍ അനുസ്മരിച്ചു.

The post അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തി സഊദി വനിത; ലക്ഷ്യം പൂര്‍ത്തീകരിച്ചത് പതിനൊന്നര മണിക്കൂറെടുത്ത് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button