WORLD

എലികളെ തുരത്താന്‍ സ്വന്തം ദ്വീപില്‍ ബോംബിടാന്‍ ദക്ഷിണാഫ്രിക്ക ചെലവിടുന്നത് 243 കോടി രൂപ

കേപ്ടൗണ്‍: എലി മാനവരാശിക്ക് വില്ലനായതിന്റെ വലിയൊരു ചരിത്രം നമ്മുടെ കൈയിലുണ്ട്. എലിയെപേടിച്ച് ഇല്ലംചുട്ടെന്ന പഴമൊഴിതന്നെ അത്തരത്തില്‍ ഒന്നിലേക്കുള്ള സൂചനയാണ്. യൂറോപ്പിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും എത്രയോ സാംക്രമിക രോഗങ്ങളാണ് എലികളാല്‍ സംഭവിച്ചത്.

എത്രയോ കോടി മനുഷ്യരും ഇതില്‍ ചത്തൊടുങ്ങി.
ആധുനിക കാലത്തും എലി വില്ലന്റെ റോളില്‍തന്നെയാണ് അഭിനയിക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപിനെ ഭീമാകാരന്മാരായ എലികളില്‍നിന്നു രക്ഷിക്കാനാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍ എല്ലാ പരിശ്രമങ്ങളും വിഫലമായതോടെ ബോംബിങ് പരിപാടിയെന്ന അറ്റകൈയിലേക്ക് എത്തിയിരിക്കുന്നത്.
എലികള്‍ക്ക് വിശപ്പ് പാരമ്യത്തിലെത്തുന്ന ശൈത്യകാലത്താവും പദ്ധതി നടപ്പാക്കുക.

ഭക്ഷണംതേടി ഒട്ടുമിക്ക സമയത്തും ഇവ ശൈത്യകാലത്ത് മാളത്തിന് പുറത്താവും കഴിയുകയെന്നതിനാല്‍ ബോംബിങ് ഓപറേഷന്‍ വന്‍ വിജയമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ദ്വീപിന് മുകളില്‍ പെല്ലറ്റുകള്‍ വര്‍ഷിക്കുന്ന ഈ പദ്ധതിക്ക് 600 മെട്രിക് ടണ്ണോളം പെല്ലറ്റുകളെങ്കിലും വേണ്ടിവരുമെന്നാണ് ഓപറേഷന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. എലി നിര്‍മാര്‍ജന യജ്ഞത്തിനായി 2.9 കോടി യുഎസ് ഡോളര്‍(243,35,88,218 രൂപ) ആണ് ചെലവിടാന്‍ നിശ്ചയിച്ചിരിക്കുന്നത്.

കേപ്പ് ടൗണ്‍ നഗരത്തില്‍നിന്നും 2200 കിലോമീറ്ററോളം തെക്കുകിഴക്കായുള്ള അപൂര്‍വ ജീവസമ്പത്തിനാല്‍ സമ്പന്നമായ ഈ ദ്വീപില്‍ ഭീമാകാരന്മാരായ എലികള്‍ പക്ഷികളും ചെറുജീവികളും ഉള്‍പ്പെടെയുള്ളവയെ തിന്നുമുടിച്ച് ഇപ്പോള്‍ മഥിച്ചു നടക്കുകയാണ്. ജീവജാലങ്ങളുടെ കൂട്ടത്തോടെയുള്ള വംശനാശം പ്രകൃതിക്കുതന്നെ കനത്ത തിരിച്ചടിയാവുന്നത് മുന്നില്‍കണ്ടാണ് ബോംബിങ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button