WORLD

ബന്ദർ അബ്ബാസ് തുറമുഖത്ത് വൻ സ്ഫോടനം; നാലു മരണം, 500 ലധികം പേർക്ക് പരിക്ക്

ഇറാനിലെ ഏറ്റവും വലിയ തുറമുഖമായ ബന്ദർ അബ്ബാസിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. തുറമുഖത്തിന്റെ ഷാഹിദ് രാജീ സെക്ഷനിലാണ് സ്ഫോടനം ഉണ്ടായത്.

കണ്ടെയ്നറുകളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾക്ക് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന. മോശം സംഭരണ ​​രീതികളാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഇറാന്റെ ക്രൈസിസ് മാനേജ്‌മെന്റ് ഓർഗനൈസേഷൻ വക്താവ് ഹൊസൈൻ സഫാരി പറഞ്ഞു. ‘കണ്ടെയ്‌നറുകൾക്കുള്ളിലെ രാസവസ്തുക്കളാണ് സ്‌ഫോടനത്തിന് കാരണം. അപകടസാധ്യതയെക്കുറിച്ച് മുമ്പ് മുന്നറിയിപ്പുകൾ നൽകിയിരുന്നതായും,’ അദ്ദേഹം പറഞ്ഞു.

തീപിടിക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്ത രീതി അപകടത്തിന് കാരമമായേക്കാമെന്ന് നേരത്തെ തുറമുഖ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അപകടകരമായ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകൾ തുറമുഖത്തിന്റെ യാർഡിൽ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. തുറമുഖത്തു നിന്ന് പുക ഉയരുന്നതിന്റെ ഭീതിപരത്തുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. കിലോമീറ്ററുകളോളം ദൂരത്തേക്ക് സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ തകരുകയും തുറമുഖത്തിന് 26 കിലോമീറ്റർ അകലെയുള്ള ഖേഷ്ം ദ്വീപിൽ പോലും ശബ്ദം കേട്ടതായും വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറാനിലേക്കുള്ള കണ്ടെയ്നർ കയറ്റുമതിയിലെ സുപ്രധാന കേന്ദ്രമാണ് ബന്ദർ അബ്ബാസ്. പ്രതിവർഷം ഏകദേശം 80 ദശലക്ഷം ടൺ (72.5 ദശലക്ഷം മെട്രിക് ടൺ) വസ്തുക്കളാണ് തുറമുഖം കൈകാര്യം ചെയ്യുന്നത്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 1,050 കിലോമീറ്റർ (652 മൈൽ) തെക്കുകിഴക്കായി, ഹോർമുസ് കടലിടുക്കിന് സമീപമാണ് തുറമുഖം സ്ഥിതിചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button