വയനാട് ദുരന്തബാധിതർക്കുള്ള 300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി പ്രഖ്യാപിച്ച 300 രൂപയുടെ ദിനംപ്രതിയുള്ള സഹായം നാല് മാസമായി മുടങ്ങിയതായി റിപ്പോർട്ട്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നുവെങ്കിലും ധനസഹായം വിതരണം ചെയ്തില്ല. വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചപ്പോൾ അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ സാധിക്കൂവെന്നായിരുന്നു റവന്യു മന്ത്രിയുടെ മറുപടി.
ദുരന്തബാധിതരായ കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ട് പേർക്ക് ജീവനോപാധി നഷ്ടമായതിനാൽ ദിവസം 300 രൂപ സഹായമാണ് നൽകിയിരുന്നത്. മൂന്ന് മാസം സഹായം നൽകുന്നത് തുടർന്നു. പിന്നീടിത് ഒമ്പത് മാസത്തേക്ക് നീട്ടാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. എന്നാൽ തുക നൽകിയില്ല
9 മാസം ധനസഹായം ഉണ്ടാകുമെന്ന് കരുതി കാത്തിരുന്ന ദുരന്തബാധിതർ ഇതോടെ പ്രയാസത്തിലായി. നാല് മാസമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ദുരന്തബാധിതർ പറയുന്നു.
The post വയനാട് ദുരന്തബാധിതർക്കുള്ള 300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം appeared first on Metro Journal Online.