WORLD

ഇസ്രായേലിനെതിരെ പുതിയ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ; സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഇസ്രായേലിനെതിരെ പുതിയ മിസൈൽ ആക്രമണ പരമ്പര ആരംഭിച്ചതായി ഇറാൻ. ഇസ്രായേൽ സൈന്യം (IDF) ഇത് സ്ഥിരീകരിക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ ആക്രമണം.

 

ഇസ്രായേലിന്റെ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടാണ് ഇറാൻ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്ന പേരിൽ ആക്രമണം നടത്തുന്നതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർ (IRGC) പ്രസ്താവനയിൽ അറിയിച്ചു. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങുന്നതായി ഇസ്രായേൽ സൈന്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ്ജ മേഖലകളെ ലക്ഷ്യമിട്ടിരുന്നു. കൂടാതെ, ഇറാൻ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബാഖ്‌രി ഉൾപ്പെടെ നിരവധി സൈനികരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ രണ്ട് എഫ്-35 വിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും ഇസ്രായേൽ ഇത് നിഷേധിച്ചു.

ഇരുരാജ്യങ്ങളും ആക്രമണം തുടരുമെന്ന് പരസ്പരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് ആഗോള ക്രൂഡ് ഓയിൽ വിലയെയും സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button