WORLD

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ അമേരിക്ക പങ്കുചേർന്നാൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഹൂതികളുടെ ഭീഷണി

മനാമ: ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കുചേരുകയാണെങ്കിൽ ചെങ്കടലിലെയും മറ്റ് മേഖലകളിലെയും അമേരിക്കൻ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരിയാണ് ഈ ഭീഷണി മുഴക്കിയത്.

 

ഇസ്രയേൽ-ഇറാൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഹൂതികളുടെ ഈ പുതിയ നീക്കം. കഴിഞ്ഞ മെയ് മാസത്തിൽ അമേരിക്കയും ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയിരുന്നു. ഈ കരാർ പ്രകാരം ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണം നടത്തരുതെന്ന് ധാരണയായിരുന്നു. കരാർ നിലവിൽ വന്നതോടെ ഹൂതികൾക്ക് നേരെയുള്ള യു.എസ്. ബോംബാക്രമണം നിർത്തിയിരുന്നു.

എന്നാൽ, നിലവിലെ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക ഇറാനുമായുള്ള യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ ഈ കരാർ ലംഘിക്കുമെന്നും ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ തിരിച്ചടിക്കുമെന്നുമാണ് ഹൂതികളുടെ പുതിയ നിലപാട്.

അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ മുൻ ആക്രമണങ്ങൾ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ ഭീഷണി മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ വർദ്ധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button