WORLD

ഹോർമൂസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ ഒരുങ്ങുന്നു; ആഗോള എണ്ണ വിപണിയിൽ ആശങ്ക

ടെഹ്‌റാൻ: അമേരിക്ക ഇറാൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ഹോർമൂസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ പാർലമെന്റ് അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ആഗോള എണ്ണ വിപണിയിൽ ഇത് കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ കടലിടുക്ക് അടച്ചിടുന്നത് ആഗോള ഊർജ്ജ വിതരണത്തെ കാര്യമായി ബാധിക്കും.

 

ഇറാൻ സ്റ്റേറ്റ് മീഡിയയായ പ്രസ്സ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ, വിദേശകാര്യ കമ്മിറ്റി അംഗം ഇസ്മായിൽ കൗസരിയെ ഉദ്ധരിച്ചാണ് ഈ വാർത്ത. അമേരിക്കയുടെ ആക്രമണങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനും മറുപടിയായി ഈ നീക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കടലിടുക്ക് അടച്ചിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റേതായിരിക്കും.

ഞായറാഴ്ച രാവിലെയാണ് അമേരിക്ക ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇറാൻ്റെ ആണവ പദ്ധതികൾക്ക് കനത്ത തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഹോർമൂസ് കടലിടുക്ക് അടച്ചിടുന്നത് ആഗോള എണ്ണ വില കുത്തനെ ഉയർത്താനും ഷിപ്പിംഗ് ചെലവുകൾ ഗണ്യമായി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിൽ ഒന്നാണ് പേർഷ്യൻ ഗൾഫിനെയും ഒമാൻ ഗൾഫിനെയും അറേബ്യൻ കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക്. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇത് കാര്യമായി ബാധിക്കും. എന്നാൽ, റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എണ്ണ ലഭ്യമാക്കാൻ ഇന്ത്യക്ക് കഴിയുമെന്നും, അതിനാൽ ഹോർമൂസ് അടച്ചിട്ടാലും വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം സംയമനം പാലിക്കാനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ അതീവ വോൾട്ടൈൽ ആയി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button