Gulf

യു എ ഇയിലെ വിസാ പൊതുമാപ്പ് നീട്ടി; ആയിരങ്ങള്‍ക്ക് ആശ്വാസം

 

ദുബായ് : വിസാ നിയമം ലംഘിച്ച് രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്കും മറ്റുമായി പിഴ ഒടുക്കാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവസരം നല്‍കുന്ന പൊതുമാപ്പ് ആനുകൂല്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി യു എ ഇ സര്‍ക്കാര്‍. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.

അവസാന ദിവസങ്ങളില്‍ ആംനസ്റ്റി കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്താണ് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനുകൂല്യം നീട്ടാനുള്ള തീരുമാനം. ഇതോടെ വിസാ കാലാവധി കഴിഞ്ഞ് യു.എ,ഇയില്‍ നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ രണ്ടുമാസം കൂടി സാവകാശം ലഭിക്കും. രേഖകള്‍ ശരിയാക്കി നിയമവിധേയമായി യു,എ.ഇയില്‍ കഴിയാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം.

പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഇതോടെ ഡിസംബര്‍ 31 വരെ പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. യു.എ,ഇയുടെ 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടര്‍ ജനറല്‍ , മേജര്‍ ജനറല്‍ സയിദ് അല്‍ ഖൈലി പറഞ്ഞു.

അതിനിടെ, നിലവില്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദുബായ്ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്കുകള്‍ പ്രകാരം പതിനായിരം ഇന്ത്യന്‍ പൗരന്‍മാര്‍ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയിട്ടുണ്ട്. ഇവരില്‍ 1300 പേര്‍ക്ക് പാസ്പോര്‍ട്ടും 1700 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കി. 1500 ലധികം പേര്‍ക്ക് കോണ്‍സുലേറ്റ് മുഖേന മാത്രം എക്‌സിറ്റ് പെര്‍മിറ്റും ലഭ്യമാക്കിയിട്ടുണ്ട്.

നേരത്തേ സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതു മാപ്പ് പ്രഖ്യാപിച്ചിരുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button