Kerala

കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി; ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം: മലയാളികൾ മുന്നിട്ടിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ പരാമർശിച്ചാണ് ബിജെപി അധ്യക്ഷൻ്റെ കുറിപ്പ്.

എല്ലാ മലയാളികളും ഒരുമിച്ച് പോകുന്നതും സമൂഹത്തിലെ ഏവരുടേയും ക്ഷേമം ഉറപ്പാക്കുന്നതുമായ രാഷ്ട്രീയമാണ് കേരളത്തിലും യാഥാർത്ഥ്യമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന് എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമായ ഒരു രാഷ്ട്രീയവും രാഷ്ട്രീയ ബോധവും കേരളീയരിൽ വളർന്നു വരേണ്ട സമയമായിരിക്കുന്നു.

ഏതെങ്കിലും ഒരു സമുദായത്തെ മാത്രം പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയ ചിന്താഗതി മാറേണ്ടതിനും, മാറ്റേണ്ടതിനുമുള്ള സമയമായിരിക്കുന്നു. പല പതിറ്റാണ്ടുകളായി, കോൺഗ്രസും ഇടതുപക്ഷവും ഇവിടെ വർഗ്ഗീയ ഭയം ജനിപ്പിക്കുന്ന വിഷം വമിപ്പിച്ച് ചിലരെ പ്രീണിപ്പിക്കുകയും മറ്റു ചിലരെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തു വരികയാണ്.

വികലമായ ഈ സമീപനം കേരളത്തെ സാമ്പത്തിക ദുരിതത്തിലേക്കും വികസന മുരടിപ്പിലേക്കും നയിച്ചുവെന്ന് തെളിഞ്ഞിരിക്കുന്നു. ഇവിടെ നിക്ഷേപങ്ങളില്ല, തൊഴിലില്ല, കാർഷിക മേഖല പൂർണ്ണമായും തകർന്നടിഞ്ഞിരിക്കുന്നു. ആകെയുള്ള താകട്ടെ, പൂർത്തീകരിക്കാത്ത കുറെയധികം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.

“പ്രീണന രാഷ്ട്രീയം ഇനിയും കേരളത്തിന്‌ വേണ്ട. ഓരോ കേരളീയനേയും നിക്ഷേപങ്ങളുടെയും തൊഴിലുകളുടെയും അവസരങ്ങളുടെയും അനന്തമായ സാദ്ധ്യതകളിലേക്ക് നയിക്കുന്ന ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം. നമ്മുടെ കേരളത്തിന് ഒരു മാറ്റം ആവശ്യമാണ്. ‘അതിന് രാഷ്ട്രീയം മാറണം, എന്നാൽ കേരളവും മാറും’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

The post കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി; ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം: മലയാളികൾ മുന്നിട്ടിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖർ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button