WORLD

ചൈനയില്‍ പെണ്ണ് കിട്ടാക്കനി; വിവാഹത്തിന് വിദേശവനിതകളെ നോക്കണമെന്ന പ്രൊഫസറുടെ നിലപാട് വിവാദമായി

 

ബീജിങ്: അയല്‍രാജ്യമായ ചൈനയില്‍നിന്ന് അടുത്ത കാലത്തായി വരുന്നത് വിവാഹം കഴിക്കാന്‍ യുവതികളെ കിട്ടാനില്ലെന്നതാണ്. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ അഭിപ്രായം പറഞ്ഞ ഒരു പ്രൊഫസര്‍ പുലിവാല് പിടിച്ച കഥയാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍നിന്നു വരുന്നത്. വിവാഹം കഴിക്കാന്‍ സ്ത്രീകളെ കിട്ടാത്ത പുരുഷന്മാര്‍ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളികളെ വിദേശങ്ങളില്‍ നിന്ന് കണ്ടെത്തണമെന്നായിരുന്നു ആ പാവം അഭിപ്രായപ്പെട്ടത്. സംഗതി ഗുലുമാലാവുമെന്ന് ആ അധ്യാപകന്‍ സ്വപ്‌നേപി വിചാരിച്ചിരിക്കില്ല.

രാജ്യത്തെ 3.5 കോടി പുരുഷന്മാര്‍ അഭിമുഖീകരിക്കുന്ന ഈ കടുത്ത പ്രതിസന്ധി പരിഹരിക്കാനായി അന്താരാഷ്ട്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് ചൈനയിലെ ഷിയാമെന്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ അസോസിയേറ്റ് പ്രൊഫസറായ ഡിങ് ചാങ്ഫെ പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പിനെ ചൈനയിലെ പുരുഷന്മാര്‍ പിന്തുണച്ചെങ്കിലും ഇത് മനുഷ്യ കടത്തിന് വഴിവെക്കുന്നതാണെന്നാണ് അവിടുത്തെ സ്ത്രീ സമൂഹം ഒന്നടങ്കം വിമര്‍ശിച്ചത്.

റഷ്യ, കംബോഡിയ, വിയറ്റ്നാം, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാര്‍ക്ക് പരിഗണിക്കാമെന്നായിരുന്നു അദ്ദേഹത്തിശന്റ നിര്‍ദേശം. സ്്ത്രീകളേക്കാള്‍ 3.49 കോടി അധികമാണ് പുരുഷന്മാരുടെ ജനസംഖ്യ. 2020ലെ ചൈനയിലെ ഏഴാമത്തെ ദേശീയ ജനസംഖ്യാ സെന്‍സസാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ചൈന കുറേക്കാലമായി പിന്തുടരുന്ന ഏകസന്തതി നയത്തിന്റെ പരിണിതഫലമായാണ് ജനസംഖ്യാപരമായ വെല്ലുവിളി ഉടലെടുത്തത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉയര്‍ന്ന ‘വധുവില’യും (വിവാഹം കഴിക്കുമ്പോള്‍ വധുവിന് വരന്‍ നല്‍കേണ്ടി വരുന്ന പണം) പരമ്പരാഗത വിവാഹത്തിനുള്ള അംഗീകാരം കുറയുന്നതുമാണ് ഗ്രാമീണ തലത്തില്‍ വരെയുള്ള പുരുഷന്മാര്‍ ഭാര്യമാരെ കിട്ടാതെ പ്രയാസപ്പെടാന്‍ ഇടയാക്കിയിരിക്കുന്നതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരും പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button