Kerala

കേരളത്തിന്‍റെ വരുമാനം കൂടി; മൊത്തം കടബാധ്യത വര്‍ധിച്ചു: നീതി ആയോഗിന്‍റെ ധനകാര്യ സൂചിക റിപ്പോര്‍ട്ട്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി വിവരങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്‍റെ 2022-2023ലെ ധനകാര്യ സൂചികയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി കേരളം. 18 സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ കേരളം 15ാം സ്ഥാനത്താണ്. 2021-2022 കാലയളവില്‍ കേരളം 17ാം സ്ഥാനത്തായിരുന്നു. രണ്ട് റാങ്കുകള്‍ മെച്ചപ്പെടുത്തി കേരളം ഈ പ്രാവശ്യം 15ാം സ്ഥാനത്തെത്തി.

പുതിയ സൂചികയില്‍ 67.8 പോയിന്‍റുമായി ഒഡീഷ ഒന്നാം സ്ഥാനത്തും 55.2 പോയിന്‍റുമായി ഛത്തീസ്‌ഗഡ് രണ്ടാം സ്ഥാനത്തും 53.6 പോയിന്‍റുമായി ഗോവ മൂന്നാം സ്ഥാനത്തുമാണ്. 25.4 സ്‌കോറുമായി കേരളം 15-ാം സ്ഥാനത്തെത്തിയപ്പോള്‍, ബംഗാൾ, ആന്ധ്ര, പഞ്ചാബ് എന്നിവ മാത്രമാണ് കേരളത്തിന് പിന്നിലുള്ള സംസ്ഥാനങ്ങള്‍. പഞ്ചാബ്, കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ കഴിഞ്ഞ ഒമ്പത് വർഷമായി സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നുവെന്നും നീതി ആയോഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എങ്ങനെയാണ് ധനകാര്യ സൂചിക തയ്യാറാക്കുന്നത്?

രാജ്യത്തെ ജിഡിപിയിലേക്കുള്ള സംസ്ഥാനങ്ങളുടെ വിഹിതം, ഡെമോഗ്രഫി, മൊത്തം പൊതുചെലവ്, വരുമാനം, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത എന്നിവ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് 2022-2023ലെ ധനകാര്യ സൂചിക തയ്യാറാക്കിയത്, ഇവയെല്ലാം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു.

എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ പിന്നില്‍?

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ധനകാര്യ സൂചികയില്‍ പിന്നിലുള്ളത്. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സൂചികയിൽ 100-ൽ 30-ന് താഴെയാണ് സ്കോർ ചെയ്‌തത്. ഉയർന്ന കടം, വലിയ രീതിയിലുള്ള പലിശ തിരിച്ചടവ്, വരുമാനത്തിലെ കുറവ്, മൂലധന ചെലവുകളിലെ കാര്യക്ഷമതയില്ലായ്‌മ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. നികുതിയേതര വരുമാനത്തെയാണ് കൂടുതലും ഈ സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത്.

കേരളത്തിന്‍റെ മൂലധന ചെലവ്

മുൻ വർഷത്തെ അപേക്ഷിച്ച് 2022-23 കാലയളവിൽ മൂലധന ചെലവിലെ കേരളത്തിന്‍റെ വാർഷിക വളർച്ച 1.4% കുറഞ്ഞു. 2018-19 (61.9%) മുതൽ 2022-23 (63.9%) വരെയുള്ള കാലയളവിൽ ഈ ചെലവ് റവന്യൂ ചെലവിന്‍റെ 56-68% ആയിരുന്നു.

2022-23 ൽ മൂലധന ചെലവ് മൊത്തം ചെലവിന്റെ 8.8% ആയിരുന്നു, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരി 15.2% ത്തിനേക്കാൾ കുറവാണ്.

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ ചെലവഴിച്ച് കേരളം

2022-23 ൽ ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുമുള്ള കേരളത്തിന്‍റെ വിഹിതം മൊത്തം ചെലവിന്‍റെ 6.4% ആയിരുന്നു, മറ്റ് സംസ്ഥാനങ്ങളുടെ ശരാശരിയായ 5.6% നേക്കാൾ കൂടുതലാണിത്. വിദ്യാഭ്യാസ മേഖലയിലും 14% ആണ് കേരളം ചെലവഴിച്ചത്, ഇത് മറ്റ് സംസ്ഥാനങ്ങളുടെ ശരാശരിയായ 14.9%ത്തിന് അടുത്താണ്.

തനത് നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിച്ചു

2022-23 ൽ സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 26.5% വളർച്ചാ നിരക്കും കഴിഞ്ഞ 5 വർഷങ്ങളിൽ 7.3% സംയോജിത വളർച്ചാ നിരക്കും രേഖപ്പെടുത്തി. തനത് നികുതിവരുമാനം 23.3% വർധിച്ച് റവന്യൂ വരുമാനത്തിന്‍റെ 54.2% ആയിരുന്നു. സംസ്ഥാനത്തെ ചരക്ക് സേവന നികുതി, വിൽപ്പന, വ്യാപാര നികുതി എന്നിവയിൽ നിന്നാണ് പ്രധാനമായും വരുമാനം ലഭിച്ചത്.

2022-23 ൽ സംസ്ഥാനത്തിന്‍റെ മൊത്തം നികുതിയേതര വരുമാനം (SONTR) മുൻ വർഷത്തെ അപേക്ഷിച്ച് 44.5% എന്ന ഗണ്യമായ വളർച്ചാ നിരക്കും, കഴിഞ്ഞ 5 വർഷങ്ങളിൽ 5% എന്ന സംയോജിത വാർഷിക വളർച്ചാ നിരക്കും രേഖപ്പെടുത്തി. സംസ്ഥാനത്തെ ലോട്ടറികളിൽ നിന്നുള്ള വരുമാനമാണ് നികുതിയേതര വരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

റവന്യൂ കമ്മി താഴോട്ട്

സംസ്ഥാനത്തിന്‍റെ ധനക്കമ്മിയും കുത്തനെ താഴേക്ക് പോകുന്ന പ്രവണതയാണ് ഉള്ളത്. ജി.എസ്.ഡി.പിയുടെ അനുപാതമായ ധനക്കമ്മി 2021-22 ലെ 5% ൽ നിന്ന് 2022-23 ൽ 2.5% ആയി കുറഞ്ഞു. ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചിലവിൽ നിന്നു റവന്യു വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യു കമ്മി

മൊത്തം കടബാധ്യത വര്‍ധിച്ചു

2018-19ൽ സംസ്ഥാനത്തിന്‍റെ മൊത്തം കട ബാധ്യതകളുടെ ശതമാനം 30.7% ആയിരുന്നത് 2022-23 ൽ 37.6% ആയി വർധിച്ചു. കേരളത്തിന്‍റെ വലിയ തോതിലുള്ള ചെലവ്, വരുമാനം വർധിപ്പിക്കുന്നതിലെ പോരായ്‌മകള്‍, നികുതി പിരിവിലെ അപാകതകള്‍ എന്നിവ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.

The post കേരളത്തിന്‍റെ വരുമാനം കൂടി; മൊത്തം കടബാധ്യത വര്‍ധിച്ചു: നീതി ആയോഗിന്‍റെ ധനകാര്യ സൂചിക റിപ്പോര്‍ട്ട് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button