വിശക്കുന്നുവെന്ന് ചെന്താമര, ഇഡ്ഡലി വാങ്ങി നൽകി പോലീസ്; തങ്ങൾക്ക് വിട്ടുതരാൻ ആക്രോശിച്ച് നാട്ടുകാർ

പോലീസിന്റെ പതിനെട്ടാമത്തെ അടവിലാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായത്. ഇന്നലെ രാത്രി 9.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി പ്രതിയെ പോലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പോത്തുണ്ടി മലയുടെ മുകളിലിരുന്ന് നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നത് ചെന്താമര കണ്ടിരുന്നു. 9.45ഓടെ എല്ലാവരും മടങ്ങിയതായി ഇയാൾ വിശ്വസിച്ചു. വിശപ്പ് സഹിക്കാൻ ആകാതെ വന്നതോടെ മലയിറങ്ങി വീട്ടിലേക്ക് വരാനും പ്രതി തീരുമാനിച്ചു
എന്നാൽ പോലീസും ഇത് മുൻകൂട്ടി കണ്ടിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ പോത്തുണ്ടി മലയ്ക്ക് കീഴെ പോലീസ് ഒളിച്ചുനിൽപ്പുണ്ടായിരുന്നു. താൻ വന്ന് കയറിയത് പോലീസിന്റെ മുന്നിലേക്കാണെന്ന് മനസ്സിലായെങ്കിലും ഓടി രക്ഷപ്പെടാനുള്ള ഊർജം പോലും ചെന്താമരക്കുണ്ടായിരുന്നില്ല. പത്ത് മണിയോടെ ചെന്താമര പോലീസിന്റെ പിടിയിലായി. പത്തരയോടെയാണ് പ്രതിയെ പിടികൂടിയ കാര്യം പോലീസ് സ്ഥിരീകരിച്ചത്.
പോലീസ് സ്റ്റേഷനിലെത്തിയ പ്രതി ആദ്യം ആവശ്യപ്പെട്ടത് വിശക്കുന്നുവെന്നായിരുന്നു. നാല് ഇഡ്ഡലിയും ഓംലൈറ്റും പോലീസ് വാങ്ങി നൽകി. ചെന്താമര പിടിയിലായത് അറിഞ്ഞ് ഇതോടെ നാട്ടുകാരും ഇരച്ചെത്തി. പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് ഇവർ ആക്രോശിച്ചു. നാട്ടുകാരെ ഏറെനേരം പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. തനിക്ക് മൂന്ന് കൊലപാതകം കൂടി ചെയ്യാനുണ്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഭാര്യ, മകൾ, മരുമകൻ അടക്കമുള്ളവരെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും ഇയാൾ അറിയിച്ചു.
The post വിശക്കുന്നുവെന്ന് ചെന്താമര, ഇഡ്ഡലി വാങ്ങി നൽകി പോലീസ്; തങ്ങൾക്ക് വിട്ടുതരാൻ ആക്രോശിച്ച് നാട്ടുകാർ appeared first on Metro Journal Online.



