Kerala

വിശപ്പിന്റെ വിളി വന്ന് കാടിറങ്ങിയ ചെന്താമര പിടിയിൽ; 3 പേരെ കൂടി കൊല്ലാൻ ബാക്കിയുണ്ടെന്ന് പ്രതി

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. വിശപ്പിനെ തുടർന്ന് ഒളിസ്ഥലമായ പോത്തുണ്ടി മലയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഒളിച്ചുനിന്ന പോലീസ് ഇയാളെ പിടികൂടിയത്. രാത്രി 9.45ഓടെ പോലീസ് തെരച്ചിൽ അവസാനിപ്പിച്ചെന്ന് കരുതിയാണ് ചെന്താമര മലയിറങ്ങിയത്. പത്തരയോടെയാണ് ചെന്താമരയെ പിടികൂടിയ കാര്യം പോലീസ് സ്ഥിരീകരിച്ചത്.

നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്ന പലവട്ടം കണ്ടതായി ചെന്താമര അറിയിച്ചു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങിയിരുന്നുവെന്നും പോലീസിനോട് പ്രതി പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ അടക്കം മൂന്ന് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പോലീസിനോട് കാര്യങ്ങൾ വിവരിച്ചത്

പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ പറഞ്ഞു. തലേദിവസം സുധാകരനുമായി തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നും ഇയാൾ അറിയിച്ചു. പ്രതി പിടിയിലായത് അറിഞ്ഞ് നാട്ടുകാർ രാത്രിയോടെ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകറി എത്തിയിരുന്നു. സ്‌റ്റേഷനിലെത്തിയ ചെന്താമര ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം വേണമെന്നാണ്. നാല് ഇഡ്ഡലിയും ഓംലൈറ്റും പോലീസ് വാങ്ങിക്കൊടുത്തു

അഞ്ച് പേരെ കൊല്ലാനാണ് പദ്ധതിയിട്ടതെന്നും ഇനിയും മൂന്ന് പേർ ബാക്കിയുണ്ടെന്നും ഇയാൾ യാതൊരു കൂസലുമില്ലാതെ പോലീസിനെ അറിയിച്ചു. ചെന്താമരയെ തൂക്കിക്കൊല്ലാതെ ഞങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്നായിരുന്നു കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button