നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ റിമാൻഡിലായ ചെന്താമരക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. പിന്നാലെ ക്രൈം സീൻ പോത്തുണ്ടിയിൽ പുനരാവിഷ്‌കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. കേസിൽ ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങും മുൻപ് മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാൻ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാൽ രഹസ്യമായായിരിക്കും പോലീസിന്റെ നീക്കങ്ങൾ. പ്രതിഷേധം തണുത്ത ശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം.
ഇതിനിടെ ചെന്താമരക്ക് ഒളിവിൽ കഴിയാൻ ബന്ധുക്കളുടെ സഹായം കിട്ടിയെന്ന ആരോപണവുമായി പ്രദേശവാസിയായ പുഷ്പ രംഗത്തെത്തി. സഹോദരനും ബന്ധുക്കളും സഹായിച്ചതിനാലാണ് പ്രതിക്ക് പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയാനായത്. പ്രതി മടങ്ങിയെത്തിയാൽ ആദ്യം കൊലപ്പെടുത്തുക തന്നെയായിരിക്കുമെന്നും പുഷ്പ പറഞ്ഞു.
The post നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും appeared first on Metro Journal Online.