Kerala

കേരളത്തിന്റെ ആവശ്യങ്ങളാകെ നിരാകരിച്ചു; കേന്ദ്രബജറ്റ് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാർഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്ഹമാണ്.

സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ
പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വന്കിട പദ്ധതികൾ ഒന്നും തന്നെയില്ല. എയിംസ്, റെയില്വേ കോച്ച് നിര്മ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചു.
25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്ക്കായി നീക്കിവെക്കുമ്പോള് ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്നിര്ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്ഷികോത്പന്നങ്ങള്ക്ക് ഉയര്ന്ന താങ്ങുവിലയില്ല. റബ്ബര്-നെല്ല്-നാളികേര കൃഷികള്ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്പ്പിച്ച പദ്ധതികള്ക്ക് അംഗീകാരമില്ല. റബ്ബര് ഇറക്കുമതി നിയന്ത്രിക്കില്ല.
കേരളത്തിന്റെ പ്രതീക്ഷകള്ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില് കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്പ്പത്തെതന്നെ ഇത് അട്ടിമറിക്കും.
ഒ.ബി.സി, പട്ടികജാതി-പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്കോ കര്ഷക-കര്ഷകത്തൊഴിലാളി മേഖലകള്ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല.
കാര്ഷിക-വ്യവസായ രംഗങ്ങള്ക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്ഷിക മേഖലയിലെ നാനാതരം സബ്‌സിഡികള് വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്ക്കാശ്വാസകരമായിരുന്നു. അതിനുപോലും അര്ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല് സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്ഹമാണിത്.

The post കേരളത്തിന്റെ ആവശ്യങ്ങളാകെ നിരാകരിച്ചു; കേന്ദ്രബജറ്റ് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button