എലപ്പുള്ളി ബ്രൂവറി കൊണ്ടുവരാനുള്ള എൽഡിഎഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

കോൺഗ്രസിലെ പ്രശ്‌നങ്ങളെ ചൊല്ലി മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളി ബ്രൂവറി കൊണ്ടുവരുന്നതിനുള്ള ഇടത് മുന്നണി തീരുമാനം ജനങ്ങൾക്കെതിരായ വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു
ബ്രൂവറിക്ക് എതിരെ സിപിഐയും ആർജെഡിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് യോഗത്തിന് എത്തിയപ്പോൾ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുള്ള നട്ടെല്ല് രണ്ട് പാർട്ടികൾക്കും നഷ്ടമായി എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടത് കൊണ്ടാണോ സിപിഐയും ആർജെഡിയും നിലപാട് മാറ്റിയതെന്ന് സംശയിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒയാസിസിന്റെ പിആർഒ യെ പോലെയാണ് മന്ത്രി സംസാരിക്കുന്നത്. ഓയാസിസ് കമ്പനിയുടെ സാമ്പത്തിക അടിത്തറ എത്ര വലുതെന്നു ഇപ്പോൾ മനസിലാകുന്നു.
മദ്യകമ്പനിയെ സഹായിക്കാൻ സിപിഎം മന്ത്രി പോലും എത്ര കഷ്ടപ്പെടുകയാണ്. മദ്യകമ്പനി കൊണ്ടുവരാൻ എന്തൊരു വാശിയാണ് എക്‌സൈസ് മന്ത്രിക്ക്. കമ്പനി കൊണ്ട് വരാൻ സർക്കാരിന് വാശിയാണ്. വലിയ അഴിമതി നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
The post എലപ്പുള്ളി ബ്രൂവറി കൊണ്ടുവരാനുള്ള എൽഡിഎഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല appeared first on Metro Journal Online.