Kerala

45 ഓളം യുഎപിഎ കേസുകളിലെ പ്രതി; മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്ന് അറസ്റ്റിലായി. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയതെന്ന് എടിഎസ് എസ്.പി സുനിൽ എം എൽ അറിയിച്ചു.

2013 മുതൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ പ്രധാന കണ്ണിയായിരുന്നു സന്തോഷ്. കൂടാതെ ഈ പ്രദേശങ്ങളിൽ നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷിനെതിരെ 45ഓളം യുഎപിഎ കേസുകൾ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2024 ലിൽ ഇവരെ പിടികൂടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും സന്തോഷ് സഹ മാവോയിസ്റ്റ് പ്രവർത്തകരായ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം പോലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപെട്ടു. പോലീസിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി എടിഎസ് സേനക്ക് സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചെങ്കിലും അന്നും സന്തോഷ് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ ഉൾപ്പടെയുളളവരുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് കേരളത്തിൽ പ്രവർത്തിച്ചുവന്നിരുന്ന എല്ലാ പിഎൽജിഎ മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഇൻറലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണം എന്നിവയിലൂടെ ആണ് ഈ നേട്ടം കൈവരിക്കാനും സന്തോഷിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്ന് എടിഎസ് എസ്പി സുനിൽ എം എൽ അറിയിച്ചു.

The post 45 ഓളം യുഎപിഎ കേസുകളിലെ പ്രതി; മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button