Kerala

കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലിടിച്ചു; യുവതി മരിച്ചു; 6 പേർക്ക് പരിക്ക്

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം. അപകടത്തിൽ ഭർ‌ത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ അശ്വതി (38) ആണ് മരിച്ചത്. അശ്വതിയുടെ ഭര്‍ത്താവ് കേരള ബാങ്ക് ഉദ്യോഗസ്ഥനായ ബിനു (49) ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11:30നാണ് എം.സി. റോഡില്‍ നിലമേല്‍ ശബരിഗിരി സ്‌കൂളിന് സമീപത്ത് വച്ച് അപകടം ഉണ്ടായത്. കുരിയോട് നെട്ടേത്തറയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴിയാണ് സംഭവം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റു. പോരുവഴി തോട്ടത്തില്‍ വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹിന (38), മക്കളായ ആദം (ഏഴ്), അമന്‍ (ആറ്), കാര്‍ ഡ്രൈവര്‍ നെട്ടേത്തറ സരസ്വതിവിലാസത്തില്‍ പ്രസാദ് (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച കാറാണ് നെട്ടേത്തറയില്‍ വൈദ്യുതത്തൂണില്‍ ഇടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ കുടുംബത്തെ മറ്റൊരു കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ കൊണ്ടുപോകുന്നതിനിടെയിലായിരുന്നു ഈ അപകടം സംഭവിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് തണ്ണിമത്തന്‍ കയറ്റിവന്ന ടോറസ് ലോറി റോഡില്‍ തിരിക്കുന്നതിനിടെ പെട്ടെന്ന് ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെയാണ് വേഗത്തിലെത്തിയ കാര്‍ ബൈക്കിലും തുടര്‍ന്ന് ലോറിയിലും ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പകുതി ഭാഗവും ലോറിക്ക് അടിയിൽപെട്ടു. കാറിന്റെ മുൻ ഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്.

വെട്ടുവഴിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയിലാണ് അശ്വതിയും ബിനുവും അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ അശ്വതിയുടെ കൈ അറ്റുപോയിരുന്നു. അശ്വതിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റുള്ളവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button