Kerala

ഇനി റാഗിങ് ബെഞ്ച്; റാഗിങ്ങുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്

റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. കെൽസ (കേരള ലീഗൽ സർവീസസ് അതോറിറ്റി)യുടെ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. റാഗിങ് വിഷയത്തിൽ നിരീക്ഷണ സംവിധാനമൊരുക്കുന്നതിൽ സർക്കാരടക്കം പരാജയമെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി ആരോപിച്ചു.

അടുത്തിടെ സ്‌കൂളുകളിലും കോളജുകളിലും റാഗിങ് വർധിച്ച സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹർജിയുമായി കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. റാഗിങ് തടയാൻ സംസ്ഥാന, ജില്ലാതല നിരീക്ഷക സമിതികള്‍ രൂപീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ഇക്കാര്യം നിർബന്ധമാക്കി നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്. റാഗിങ് കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്നും കെൽസ ആരോപിച്ചു.

മാർഗനിർദേശങ്ങളും നിയമങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ ബോധവത്‌കരണ കാമ്പെയ്‌നുകൾ ആരംഭിക്കണം. ഇതുവഴി റാഗിങ്ങിനെ പ്രതിരോധിക്കാൻ സാമൂഹിക പങ്കാളിത്തം വളർത്തുന്നതിന് സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും കെൽസ ആവശ്യപ്പെട്ടു. തുടർന്ന് റാഗിങ് വിഷയം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

കെൽസയുടെ ഹർജി നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും. അതിനിടെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർഥികൾക്കെതിരായ അന്വേഷണം ഈ മാസം മുപ്പത്തിയൊന്നിനകം പൂർത്തിയാക്കാൻ ഹൈക്കോടതിയിലെ മറ്റൊരു ബെ‌ഞ്ച് നിർദേശിച്ചു. വിദ്യാർഥികൾക്ക് പഠനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് മരിച്ച സിദ്ധാർഥന്‍റെ അമ്മ നൽകിയ അപ്പീലിലാണ് നിർദേശം. അതേസമയം സിദ്ധാർഥൻ കേസിലെ കുറ്റക്കാരായ വിദ്യാർഥികളുടെ പ്രവേശന വിലക്ക് തുടരും

The post ഇനി റാഗിങ് ബെഞ്ച്; റാഗിങ്ങുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button