Kerala

18കാരന്‍ വികസിപ്പിച്ച ആന്‍റി റാഗിങ് ആപ്പ് ; ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ മതി: കോളജ് പ്രിന്‍സിപ്പലിനും രക്ഷിതാക്കള്‍ക്കുമടക്കം സന്ദേശമെത്തും

എറണാകുളം : റാഗിങ് തടയാന്‍ പുതിയ കണ്ടുപിടിത്തവുമായി 18 കാരന്‍. റാഗിങ്ങിനെതിരെ ശക്തമായ നിയമങ്ങളുണ്ടെങ്കിലും ക്യാമ്പസുകളിൽ സമീപ കാലങ്ങളിൽ റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റാഗിങ്ങിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് മൂവാറ്റുപുഴ സ്വദേശി അർജുൻ തീരുമാനിച്ചത്.

റാഗിങ് നടക്കുന്നത് ജൂനിയർ വിദ്യാർഥികൾ യഥാസമയം അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാത്തതും, അറിയിക്കാൻ കഴിയാത്ത സാഹചര്യവും റാഗിങ് കേസുകൾ വർധിക്കാൻ കാരണമാകുന്നു. ഈ ഒരു സാഹചര്യത്തിലാണ് പരിഹാരമായി മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയത്തിൽ അർജുൻ എത്തിച്ചേർന്നത്.

ഇതേത്തുടർന്നായിരുന്നു റാഗിങ്ങിനെതിരായ മൊബൈൽ ആപ്ലിക്കേഷൻ അർജുൻ വികസിപ്പിച്ചത്. റാഗിങ് സാഹചര്യമുണ്ടായാൽ മൊബൈൽ ഫോണിലെ ഒരു ബട്ടൺ അമർത്തിയാൽ കോളജ് പ്രിൻസിപ്പലിനും വാർഡനും രക്ഷിതാക്കൾക്കും അടിയന്തരമായി സന്ദേശം ഈ ആപ്ലിക്കേഷനിൽ നിന്നും ലഭിക്കുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയത്.

റാഗിങ്ങിനെതിരായ ഡിജിറ്റൽ ഇടപെടൽ: ഡിജിറ്റൽ വിപ്ലവത്തിന്‍റെ കാലത്ത് റാഗിങ്ങിനെ ഡിജിറ്റലായി എങ്ങനെ തടയാം, ഇരയാകുന്നവരെ എങ്ങനെ രക്ഷപ്പെടുത്താം, തുടങ്ങിയ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഏറ്റവും മികച്ച മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. റാഗിങ് സാഹചര്യമുണ്ടായാൽ മൊബൈൽ ഫോണിലെ ഒരു ബട്ടൺ അമർത്തിയാൽ ലൊക്കേഷൻ സഹിതമാണ് സന്ദേശം ലഭിക്കുക. തുടർന്ന് കോളജ് അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവർക്ക് സ്ഥലം കൃത്യമായി മനസിലാക്കുവാനും വേഗത്തിൽ സംഭവസ്ഥലത്ത് എത്തിച്ചേരാനും സഹായിക്കും.

ആന്‍റി റാഗിങ് ആപ്ലിക്കേഷൻ ഇൻസ്‌റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ റാഗിങ് ഉണ്ടാകുന്ന ഉടൻതന്നെ മൊബൈൽ ഫോണിലെ വോളിയം അപ് ബട്ടൺ പ്രസ് ചെയ്‌താലാണ് അടിയന്തര സന്ദേശം ബന്ധപ്പെട്ടവർക്ക് ലഭിക്കുക. മൊബൈൽ ആപ്ലിക്കേഷൻ പ്രോട്ടോടൈപ്പ് ആണ് ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കൊച്ചിയിലെ സ്ഥാപനത്തിൽ സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് വിദ്യാർഥിയാണ് അർജുൻ. തന്‍റെ സുഹൃത്തിന് ബെംഗളൂരിൽ ഉണ്ടായ അനുഭവത്തെ തുടർന്ന് കൂടിയാണ് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തതെന്ന് അർജുൻ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തുന്ന കോളജിലെ സെർവറിലേക്ക് നേരിട്ട് സന്ദേശങ്ങൾ ലഭ്യമാക്കാനും ഈ ആപ്പ് വഴി കഴിയും. ഇതുവഴി റാഗിങ് നടത്തുന്ന വരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും അർജുൻ പറഞ്ഞു.

ആന്‍റി റാഗിങ് ആപ്പ് ഉടൻ പ്ലേ സ്‌റ്റോറിൽ: ഈ ആപ്പ് എല്ലാവർക്കും ലഭ്യമാകാൻ ഉടൻ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉൾപ്പെടുത്തുവാൻ ഉള്ള ശ്രമത്തിലാണ് അർജുൻ. ഇതിനൊരു സ്പോൻസറെ തേടുകയാണ് അർജുൻ.

The post 18കാരന്‍ വികസിപ്പിച്ച ആന്‍റി റാഗിങ് ആപ്പ് ; ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ മതി: കോളജ് പ്രിന്‍സിപ്പലിനും രക്ഷിതാക്കള്‍ക്കുമടക്കം സന്ദേശമെത്തും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button