Kerala

അഫാനെ വെഞ്ഞാറമൂട്ടിലത്തിച്ചു തെളിവെടുപ്പ്; ആദ്യ ദിനം സ്വന്തം വീട്ടിലും മുത്തശ്ശിയുടെ വീട്ടിലും എത്തിച്ചു പൊലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാത കേസ് പ്രതി അഫാനെ കൊലപാതകം നടത്തിയ സ്ഥലങ്ങളിലെത്തിച്ച് ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതി അഫാനുമായെത്തി പാങ്ങോട് പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. പിതൃ മാതാവ് സല്‍മാ ബീവിയുടെ പാങ്ങോട്ടെ വീട്ടിലും പേരുമലയിലെ അഫാന്‍റെ വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ അഫാനെ നാളെ കോടതിയില്‍ ഹാജരാക്കും.

വൈകുന്നേരം 4.30 ഓടു കൂടിയാണ് അഫാനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയില്‍ ആദ്യം താഴെ പാങ്ങോടുള്ള സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചു. മിനിട്ടുകള്‍ മാത്രമെടുത്തായിരുന്നു തെളിവെടുപ്പ്. മൃതദേഹങ്ങള്‍ സംസ്‌കരിച്ച താഴെ പാങ്ങോട് ജുമാ മസ്‌ജിദിനരികിലാണ് സല്‍മാ ബീവിയുടെ വീട്.

പള്ളിയിലുണ്ടായിരുന്നവരും നാട്ടുകാരും അഫാനെ കാണാന്‍ തടിച്ചുകൂടി. എന്നാല്‍ നാട്ടുകാരുടെ ഭാഗത്തു നിന്ന് വൈകാരിക പ്രകടനമോ പ്രതിഷേധമോ ഉണ്ടായില്ല. അതിനാല്‍ പ്രതിഷേധത്തിന്‍റെയോ വൈകാരികതയുടെയോ അന്തരീക്ഷമില്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാന്‍ പൊലീസിനായി.

കൊലപാതകത്തിനു ശേഷം മടങ്ങിയ വഴിയിലൂടെ, പൊലീസ് അഫാനുമായി സഞ്ചരിച്ചു. കല്ലറയുള്ള സിഡിഎമ്മിന് മുന്നില്‍ സെക്കന്‍റുകള്‍ മാത്രം വാഹനം നിര്‍ത്തി. സല്‍മാ ബീവിയുടെ മാല പണയം വച്ച് പണം നിക്ഷേപിച്ച സിഡിഎമ്മിന് മുന്നിലാണ് പ്രതിയെ പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്.

തുടര്‍ന്ന് അഫാനുമായി പൊലീസ് പേരുമലയിലെ സ്വന്തം വീട്ടില്‍ എത്തി. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. മാതാവിന്‍റേയും സഹോദരന്‍റേയും പെണ്‍ സുഹൃത്തിന്‍റേയും ചോരക്കറ ഉണങ്ങാത്ത വീട്ടില്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അഫാന്‍ കുറ്റകൃത്യം വിശദീകരിച്ചത്.

അതേസമയം രാവിലെ തെളിവെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഫാന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണിരുന്നു. ഉടന്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവെടുപ്പ് തടസപ്പെടുത്തുന്നതിനുള്ള പ്രതിയുടെ നാടകമായിരുന്നു എന്നാണ് വിലയിരുത്തല്‍.

പാങ്ങോട് പൊലീസിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്‍റേയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അനുജന്‍റേയും പെണ്‍ സുഹൃത്തിന്‍റേയും കൊലപാതകത്തില്‍ അവസാനമാകും വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button