ശക്തമായ ഒറ്റയടിയില്‍തന്നെ മരിക്കും; ആക്രമണത്തിന് ചുറ്റിക തിരഞ്ഞെടുത്തതിന് അഫാന്റെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ നിര്‍ണായകമൊഴി പുറത്ത്. ചുറ്റിക ഉപയോഗിച്ച് ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ്മ സല്‍മാബീവിയെയാണ് എന്നാണ് അഫാൻ പറയുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയതിനെ കുറിച്ചും അഫാൻ പറയുന്നുണ്ട്. കൊണ്ടുനടക്കാനുള്ള സൗകര്യം, വാങ്ങുമ്പോള്‍ ആരും തെറ്റിദ്ധരിക്കില്ലെന്നും ശക്തമായ ഒറ്റയടിയില്‍തന്നെ മരണം സംഭവിക്കുമെന്നുമുള്ളതുകൊണ്ടാണ് ആക്രമണത്തിന് ചുറ്റിക തിരഞ്ഞെടുത്തതെന്നാണ് അഫാന്‍ നല്‍കിയ മൊഴി.
സംഭവദിവസം രാവിലെ 11 മണിയോടെ അമ്മ ഷെമിയുമായി വഴക്കിട്ട അഫാൻ ഷാൾ ഉപയോഗിച്ച് ഷെമിയെ ശ്വാസം മുട്ടിക്കുകയായിരുന്നു. ബോധം കെട്ടുവീണ് ഷെമിയെ കണ്ട് മരിച്ചെന്ന് കരുതി വാതില്‍പൂട്ടി വെഞ്ഞാറമ്മൂട് ജങ്ഷനിലേക്ക് പോയി. ഇവിടെയെത്തിയ അഫാൻ സുഹൃത്തിൽ നിന്ന് 1400 രൂപ കടംവാങ്ങിയശേഷം ബാഗും ചുറ്റികയും വാങ്ങുകയായിരുന്നു. ഇവിടെ നിന്ന് നേരെ പിതൃമാതാവായ സല്‍മാബീവിയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അഫാൻ അമ്മ ഷെമി കരയുന്നത് കണ്ട് ചുറ്റികയെടുത്ത് അവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
അതേസമയം സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് പൂർത്തിയായി. ഇന്ന് രാവിലെ ചുറ്റിക വാങ്ങിയ കടയിലും മാല പണയംവെച്ച കടയിലുമായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് അഫാനെ കോടതിയില്‍ ഹാജരാക്കി. മറ്റു കേസുകളില്‍ കസ്റ്റഡി ആവശ്യപ്പെട്ട് വെഞ്ഞാറമ്മൂട് പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
The post ശക്തമായ ഒറ്റയടിയില്‍തന്നെ മരിക്കും; ആക്രമണത്തിന് ചുറ്റിക തിരഞ്ഞെടുത്തതിന് അഫാന്റെ മൊഴി appeared first on Metro Journal Online.