Kerala

ജുമ നമസ്‌കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ മുസ്ലിം പള്ളിയും ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയും ഇങ്ങ് കേരളത്തിൽ

കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയം. ജുമ നമസ്‌കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പള്ളി. ഇങ്ങനെ സവിശേഷതകള്‍ ഏറെയുള്ള ഈ പള്ളി എ.ഡി. 629ല്‍ മാലിക് ബിന്‍ ദീനാറാണ് നിര്‍മിച്ചത്.

പള്ളിയുടെ ചരിത്രം ഇങ്ങനെ..

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്ന കൊടുങ്ങല്ലൂരിന്റെ ഭരണാധിപനായിരുന്നു ചേരമാന്‍ പെരുമാള്‍. ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ആകാശത്ത് ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന് പോകുന്നതായ അസാധാരണമായ ഒരു സ്വപ്നം കാണുകയുണ്ടായി. ശ്രീലങ്കയിലെ ആദം മലയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആദം നബിയുടെ കാല്‍പ്പാട് കാണാനായി ഇറങ്ങിത്തിരിച്ച അറബ് വംശജരായ തീര്‍ത്ഥാടകസംഘം (കച്ചവടസംഘമാണെന്നും പറയപ്പെടുന്നു) മുസരീസിലെത്തി പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ , വിശുദ്ധ ഖുറാനിലെ 54:1-5 ഭാഗത്തിലൂടെ ഈ സ്വപ്നത്തെപ്പറ്റി നല്‍കിയ വ്യാഖ്യാനം പെരുമാളിന് ബോദ്ധ്യപ്പെടുകയും, മുഹമ്മദ് നബിയെപ്പറ്റിയൊക്കെ അവരുടെ അടുക്കല്‍ നിന്ന് മനസ്സിലാക്കി ഇസ്ലാമില്‍ ആകൃഷ്ടനായ പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖരെ ഏല്‍പ്പിച്ച് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മക്കയിലേക്ക് യാത്രയാകുകയും പ്രവാചക സന്നിധിയില്‍ എത്തിച്ചേര്‍ന്ന് താജുദ്ദീന്‍ എന്ന് നാമപരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വിശ്വാസം.

കുറേക്കാലം മുഹമ്മദ് നബിയോടൊപ്പം ചിലവഴിച്ച ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചുതന്നെ മരണമടഞ്ഞു. മരിക്കുന്നതിന് മുന്നേ ചേരമാന്‍ പെരുമാള്‍ ചില കുറിമാനങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മാലിക് ഇബ്നു ദിനാര്‍ എന്ന യോഗിവര്യന് കൈമാറി. മാലിക് ദിനാര്‍ പിന്നീട് കേരളത്തില്‍ എത്തുകയും, പെരുമാളിന്റെ കത്തുകള്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കൈമാറുകയും, കേരളത്തില്‍ വിവിധയിടങ്ങളിലായി മുസ്ലീം പള്ളികള്‍ പണിയാനുള്ള അനുമതി പ്രാദേശിക ഭരണകര്‍ത്താക്കളില്‍നിന്നും നേടുകയും ചെയ്തു. അങ്ങനെ മാലിക്ക് ദിനാര്‍ തന്നെ പ്രഥമ ഖാസിയായി ഇന്ത്യയിലെ ആദ്യത്തെ ഈ മുസ്ലീം പള്ളി, A.D. 629 ല്‍ കൊടുങ്ങലൂരില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പള്ളി ആദ്യമായി പുനരുദ്ധരിക്കപ്പെട്ടു എന്ന് കരുതിപ്പോരുന്നു. 1974 ല്‍ പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്‍ഭാഗമൊക്കെ ഉടച്ച് വാര്‍ക്കുകയുണ്ടായി. 1994ലും 2001ലും പഴയ പള്ളിയില്‍ പുനര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.

മതസൗഹാര്‍ദ്ദത്തിനും പേരുകേട്ടതാണ് ചേരമാന്‍ പള്ളി. റമദാന്‍ നാളുകളില്‍ മറ്റ് മതസ്ഥര്‍ നടത്തുന്ന ഇഫ്ത്താര്‍ വിരുന്നുകളും വിജയദശമി നാളുകളില്‍ ഇവിടെ വെച്ച് വിദ്യാരംഭം നടത്താന്‍ മുസ്ലീം ഇതര സമുദായക്കാര്‍ വരുന്നതുമൊക്കെ ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണങ്ങളാണ്.

വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി ഇതുമാത്രമായിരിക്കണം. ഇസ്ലാമിലില്ലാത്ത കാര്യങ്ങളാണ് വിളക്ക് കത്തിക്കുക എന്നതൊക്കെയെങ്കിലും ചേരമാന്‍ പള്ളിയില്‍ അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു. ആദ്യകാലത്ത് വെളിച്ചം കിട്ടാന്‍ വേണ്ടി കത്തിച്ചുവെച്ചിരുന്ന വിളക്ക്, വൈദ്യുതി കടന്നുവന്നിട്ടും നിറയെ എണ്ണയിട്ട് കത്തിനിന്നിരുന്നെങ്കിലും ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണയുകയായിരുന്നു. കരിയും പുകയുമൊക്കെയാണ് വിളക്കണയാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. എന്നിരുന്നാലും ജാതിമതഭേദമെന്യേ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇന്നും തുടര്‍ന്നുപോരുന്നുണ്ട്.

പ്രധാനവാതിലിന് മുന്നില്‍ നിന്നാല്‍ അകത്തേക്ക് കയറാതെ തന്നെ പള്ളിക്കകത്തെ കാഴ്ചകള്‍ എല്ലാം വ്യക്തമാണ്. ഉത്തരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വെങ്കലത്തില്‍ തീര്‍ത്ത അതുപുരാതനമായ തൂക്കുവിളക്കും , മിര്‍ഹാബും , 900 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പച്ചിലച്ചാറുകൊണ്ട് നിറം കൊടുത്തിരിക്കുന്ന പ്രസംഗപീഠവുമെല്ലാം ഇപ്പോഴും തനിമ നിലനിര്‍ത്തുന്നു.

The post ജുമ നമസ്‌കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ മുസ്ലിം പള്ളിയും ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയും ഇങ്ങ് കേരളത്തിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button