കളമശേരി കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയിൽ

കൊച്ചി:കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് റെയ്ഡുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച വിദ്യാർഥിയാണ് പോലീസിന്റെ പിടിയിലായത്. മൂന്നാം വർഷ വിദ്യാർഥിയായ കൊല്ലം സ്വദേശി അനുരാജാണ് പോലീസിന്റെ കസ്റ്റഡിയിവലായത്. ഇയാൾക്കുവേണ്ടി രണ്ട് ദിവസമായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. കൊച്ചിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
അനുരാജിൻറെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം. ഇതിൽ രണ്ടു കിലോ കഞ്ചാവ് ആണ് കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിൽ എത്തിച്ചത്.
അതേസമയം, കളമശേരി പോളി ടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രമായി ഹോസ്റ്റലിൽ ഒരു പ്രത്യേക ഗ്യാങ് ഉണ്ടെന്ന് പോലീസ്. ഹോസ്റ്റലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പലപ്പോഴും ഈ ഗ്യാങ്ങാണെന്നും പോലീസ് പറഞ്ഞു.
ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്ന് കസ്റ്റഡിയിലുള്ള വിദ്യാർഥികൾ പോലീസിന് മൊഴി നൽകി. നേരത്തെ, പോലീസ് പരിശോധനയിൽ ഹോസ്റ്റലിൽ നിന്ന് വ്യാപകമായി ബീഡിക്കുറ്റികൾ ലഭിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്ന് കണ്ടെത്തുന്നത്. കളമശേരി ഹോസ്റ്റലിൽ നടക്കുന്നത് കഞ്ചാവ് കച്ചവടമാണെന്നും പോലീസ് പറഞ്ഞു.
കളമശേരി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്ക് പിന്നാലെ കൊച്ചിയിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ശനിയാഴ്ച രാത്രിയാണ് കളമശേരിയിലെ വിവിധ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് മിന്നൽ പരിശോധന നടന്നത്. കുസാറ്റ് പരിസരത്തെ ഒരു ഹോസ്റ്റലിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.
The post കളമശേരി കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയിൽ appeared first on Metro Journal Online.