ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് നിയമസഭയിൽ അക്കമിട്ട് മറുപടി നൽകി മുഖ്യമന്ത്രി

നിയമസഭയിൽ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്‌പോര്. സിപിഎമ്മിന്റെ നയങ്ങളും സംസ്ഥാനത്തെ പോലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങൾക്ക് മുഖ്യമന്ത്രി അക്കമിട്ട് നിരത്തി മറുപടി നൽകി
കേന്ദ്ര സർക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയിലുണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. തങ്ങൾ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു
നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം നടന്നെന്നാണ് ചെന്നിത്തല പറയുന്നത്. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ പോയത്. ഫ്‌ളൈറ്റിലിരുന്നപ്പോൾ വരാൻ ഗവർണർ തന്നെ വീണ്ടും ക്ഷണിച്ചു. നിർമല സീതാരാമൻ ബ്രേക്ക് ഫാസ്റ്റിന് വരുമെന്ന് പറഞ്ഞാണ് ഗവർണറെ കൂടി വിളിച്ചത്.
വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള രണ്ട് പേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങൾ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നുമല്ല പോയത്. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
The post ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് നിയമസഭയിൽ അക്കമിട്ട് മറുപടി നൽകി മുഖ്യമന്ത്രി appeared first on Metro Journal Online.