ലഹരിക്കടിമയായ ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യ മരിച്ചു; പിതാവിനും മാതാവിനും വെട്ടേറ്റു: പിതാവിന്‍റെ പരിക്ക് ഗുരുതരം

കോഴിക്കോട്: കുടുംബ വഴക്കിനിടെ ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. മരിച്ച ഷിബിലയുടെ ഭർത്താവ് യാസറാണ് ഷിബിലെയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്‌ദു റഹിമാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്‌ദു റഹിമാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലഹരിക്കടിമയായ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. കുടുംബ വഴക്കിന് തുടർന്ന് ഷിബില സ്വന്തം വീട്ടിൽ ആണ് കഴിഞ്ഞിരുന്നത്.
മുൻപും പലതവണ ഭർത്താവ് യാസിർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌തതായി കാണിച്ച് ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ കുട്ടിക്ക് ചെലവിന് നൽകുന്നില്ലെന്നും നിരന്തരം വാട്‌സ് ആപ്പ് വഴിയും ഫോൺ വിളിച്ചും കൊല്ലും എന്ന ഭീഷണി മുഴക്കുന്നുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ കുടുംബ വഴക്കായത് കൊണ്ട് തന്നെ പൊലീസ് പരാതി അത്ര ഗൗരവത്തിൽ എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. അതേസമയം മരിച്ച ഷിബിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ് അബ്‌ദു റഹിമാന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. മാതാവിൻ്റെ പരിക്ക് അത്ര സാരമുള്ളത് അല്ലെന്നും വിവരമുണ്ട്.
The post ലഹരിക്കടിമയായ ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യ മരിച്ചു; പിതാവിനും മാതാവിനും വെട്ടേറ്റു: പിതാവിന്‍റെ പരിക്ക് ഗുരുതരം appeared first on Metro Journal Online.