ബിജെപി സംസ്ഥാന അധ്യക്ഷൻ ആരെന്ന് അടുത്താഴ്ച അറിയാം; സസ്പെൻസ് തുടർന്ന് ദേശീയ നേതൃത്വം

സംസ്ഥാനത്തെ ബിജെപിയുടെ പുതിയ പ്രസിഡന്റ് ആരാണെന്ന് അടുത്താഴ്ച ആദ്യമറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും
തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കൗൺസിൽ ചേർന്നതിന് ശേഷമാകും പ്രഖ്യാപനം. കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്ഥാനത്ത് എത്തും. മിസോറോമിലുള്ള വി മുരളീധരനോട് കേരളത്തിലെത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്
ആരാകും അടുത്ത പ്രസിഡന്റ് എന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ ഇത് പുറത്തുവിടാതെ സസ്പെൻസ് തുടരുകയാണ്. ആർഎസ്എസ് നേതാക്കളുമായും മുതിർന്ന ബിജെപി നേതാക്കളുമായും ദേശീയ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെ സുരേന്ദ്രനെ തുടരാൻ അനുവദിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. സുരേന്ദ്രനെ നീക്കുകയാണെങ്കിൽ എംടി രമേശിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
The post ബിജെപി സംസ്ഥാന അധ്യക്ഷൻ ആരെന്ന് അടുത്താഴ്ച അറിയാം; സസ്പെൻസ് തുടർന്ന് ദേശീയ നേതൃത്വം appeared first on Metro Journal Online.