Kerala

കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ ഇനി ബിജെപിയെ മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ നയിക്കും. ഇന്ത്യൻ മാധ്യമ മേഖലയിൽ ഗോദി മീഡിയയുടെ സ്വാധീനം വലിയ ചർച്ചയാകുന്ന കാലത്താണ് റിപ്പബ്ലക്ക് ടിവിയിൽ ഓഹരി പങ്കാളിത്തവും ഏഷ്യാനെറ്റ് ന്യൂസിൽ ഉടമസ്ഥതയും ഉള്ള രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിൻ്റെ അധ്യക്ഷനായി വരുന്നത്. മാധ്യമ രംഗത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായി എത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. നേരത്തെ കുംഭമേളയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റോറിയൽ നിലപാടിനെതിരെ രാജീവ് ചന്ദ്രശേഖർ പരസ്യമായ പ്രതികരണം നടത്തിയതും സമീപകാലത്ത് ചർച്ചയായിരുന്നു. എഡിറ്റോറിയൽ നിലപാടുകളിൽ രാജീവ് ചന്ദ്രശേഖറിന് സ്വാധീനമുണ്ടെന്നതിൻ്റെ സൂചനയായി ഈ പ്രതികരണം വിലയിരുത്തപ്പെട്ടിരുന്നു.

മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്ന് ചാനലിൻ്റെ തലപ്പത്തുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖ‍ർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു. ഈ നിലയിൽ സ്വന്തം മാധ്യമ സ്ഥാപനത്തിൻ്റെ എഡിറ്റോറിയൽ നിലപാടുകളെ പരസ്യമായി സ്വാധീനിക്കാൻ ശേഷിയുള്ള രാജീവ് ചന്ദ്രശേഖർ എന്ന മാധ്യമ മുതലാളിയെ സംസ്ഥാന അധ്യക്ഷനായി ലഭിക്കുന്നത് കേരളത്തിലെ ബിജെപിയ്ക്ക് നേട്ടമാണെന്നും വിലയിരുത്തലുകളുണ്ട്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ അളവില്‍ കവിഞ്ഞ പ്രാധാന്യം ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയതായി എതിര്‍ചേരിയിലുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖം ലഭിച്ച ഏക മലയാള മാധ്യമവും ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.

2006 അവസാനത്തോടെ രാജീവ് ചന്ദ്രശേഖ‍ർ‌ സ്വന്തം സ്ഥാപനമായ ജൂപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് വഴി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷനിൽ നിക്ഷേപം സ്വന്തമാക്കി മാധ്യമ രം​ഗത്തേയ്ക്ക് കടന്നിരുന്നു. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഉടമയാണ് രാജീവ് ചന്ദ്രശേഖർ. അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഹോൾഡിം​ഗ് കമ്പനിയിലും രാജീവ് ചന്ദ്രശേഖറിന് നിക്ഷേപമുണ്ട്.

വ്യവസായ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ വ്യോമസേനാ ഉദ്യോഗസ്ഥനായ എം കെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964-ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനിച്ചത്. തൃശൂർ ദേശമംഗലത്ത് കുടുംബവേരുകളുണ്ട്. അമേരിക്കയിൽ ഐടി ഉദ്യോഗസ്ഥനായിരുന്നു. 1991 മുതൽ ബെംഗളൂരു കേന്ദ്രീകരിച്ച് വ്യവസായം ആരംഭിച്ചു. ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ചു. 2006 മുതൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. അതേവർഷം തന്നെ ബിജെപി സ്വതന്ത്രനായി രാജ്യസഭയിലെത്തി. 2021 മുതൽ 2024 വരെ കേന്ദ്രസഹമന്ത്രിയായി.

മണിപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ രാജീവ്, ഷിക്കാഗോയിലെ ഇലിനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടുകയും പിന്നീട് അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ഇന്റലില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠനം, തൊഴില്‍മേഖല എന്നിവയുമായി ബന്ധപ്പെട്ട് ടെക്‌നോക്രാറ്റ് എന്നൊരു വിശേഷണവും രാജീവിനുണ്ട്.

1994-ല്‍ രാജീവാണ് ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചത്. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്നു. കൂടാതെ 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് ആയിരുന്നു.

അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button