Kerala

ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി

സംസ്ഥാനത്തെ ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എൽ പി ക്ലാസുകൾ മുതൽ തന്നെ ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

പോലീസിന്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധന ശക്തമാക്കാനും അതിർത്തികളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനമായി. സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിനായി ജനകീയ ക്യാമ്പയിന് തുടക്കമിടാനാണ് സർക്കാരിന്റെ തീരുമാനം.

ഇപ്പോൾ ലഹരിക്കെതിരെ നടക്കുന്ന എല്ലാ പ്രചാരണ പരിപാടികളും സംയോജിപ്പിച്ച് ഏപ്രിൽ മാസം മുതൽ അതി വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളെ കായിക രംഗത്ത് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങാനും സ്‌നിഫർ ഡോഗുകളുടെ സാന്നിധ്യം വർധിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. എയർപോർട്ട്, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കും.

കൊറിയറുകൾ, പാഴ്സലുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ തുടങ്ങി കേരളത്തിന്റെ അതിർത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. രൂപരേഖ മന്ത്രിതല സമിതി ചർച്ച ചെയ്ത് തീരുമാനത്തിലേക്ക് പോകും. ഈ മാസം 30ന് വിദഗ്ധരുടെയും വിദ്യാർഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗവും നടക്കും.

 

 

The post ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button