Kerala

ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവുമൊക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏത് തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ ചെയ്തികളെ ഭയക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏത് നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്.

മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ ആക്രമണം തുടരുകയാണ്. പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ് കെ ഗണേഷ് രംഗത്തെത്തി. ആടുജീവിതം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ ദേശവിരുദ്ധമാണെന്നായിരുന്നു ഗണേഷിന്റെ ആരോപണം.

എമ്പുരാനും പൃഥ്വിരാജിനുമെതിരെ ലേഖനമെഴുതുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ചെയ്തത്. എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button