ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ഫോൺ സ്വിച്ച്ഡ് ഓഫ്, സുഹൃത്ത് സുകാന്ത് ഒളിവിൽ

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ മേഘ ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവിൽ. സുകാന്തിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് തൊട്ടുമുമ്പ് സുകാന്തുമായി മേഘ എട്ട് സെക്കൻഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ വീട്ടിൽ ഉൾപ്പടെ പോലീസ് പരിശോധനയ്ക്ക് പോയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
സുകാന്ത് ഒളിവിൽ പോയെന്ന് പേട്ട പോലീസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മരണ ദിവസം സുകാന്തും മേഘയും തമ്മിൽ നാല് തവണ ഫോണിൽ സംസാരിച്ചിരുന്നു. മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പിതാവ് പോലീസിന് കൈമാറിയിരുന്നു.
മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. സുകാന്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാൽ യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. ഭീഷണിയും ചൂഷണവുമാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പിതാവ് മധുസൂദരൻ പറഞ്ഞു.
ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമെന്നും പിതാവ് ആരോപിക്കുന്നു. സുകാന്ത് സുരേഷിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഒളിവിൽ പോയത്.
The post ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ഫോൺ സ്വിച്ച്ഡ് ഓഫ്, സുഹൃത്ത് സുകാന്ത് ഒളിവിൽ appeared first on Metro Journal Online.