Kerala

എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കിയേക്കും; അവധി നീട്ടാൻ മുഖ്യമന്ത്രിയുടെ നിർദേശമെന്ന് സൂചന

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും. പകരം ചുമതല എഡിജിപി എച്ച് വെങ്കിടേഷിന് നല്‍കാനാണ് സാധ്യത. അജിത് കുമാറിന്റെ അവധി നീട്ടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നാണ് വിവരം.

ഈ മാസം 14 മുതല്‍ 4 ദിവസത്തേക്ക് അജിത് കുമാര്‍ അവധിയില്‍ പ്രവേശിക്കും. ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തന്നെ അജിത് കുമാർ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അവധി നീട്ടാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ തീരുമാനം.

ഇന്നലെ രാത്രി ഡിജിപിയും എച്ച് വെങ്കിടേഷും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് കുമാറിന് പകരം എഡിജിപിയായി എച്ച് വെങ്കിടേഷിനൊപ്പം ആര്‍ ശ്രീജിത്തിന്റെ പേരും മുന്നോട്ട് വന്നിരുന്നു. എന്നാൽ ആർ ശ്രീജിത്ത് ഇതിന് തയ്യാറല്ലാത്തതിനാൽ ക്രൈം എഡിജിപി വെങ്കിടേഷ് ക്രമസമാധാനച്ചുമതലയുള്ള പകരം എഡിജിപിയായി ചുമതലയേൽക്കുമെന്നാണ് ലഭിക്കുന്ന വിവരം. എച്ച് വെങ്കിടേഷിന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം എഡിജിപി ആരെയെങ്കിലും കാണുന്നത് പാര്‍ട്ടിയുടെ വിഷയമല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നും ആവർത്തിച്ചത്. ബിജെപിയോടുളള സിപിഐഎമ്മിന്റെ സമീപനം എല്ലാവര്‍ക്കും അറിയാമെന്നും വിവാദം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയും കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. അതിന് എഡിജിപി വഴി മുഖ്യമന്ത്രി നല്‍കിയ ദൂതിന് തങ്ങള്‍ സഹായിക്കാം എന്നായിരുന്നു ബിജെപിയുടെ ഉറപ്പ്. അതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം കലക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button