Kerala

ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് 593 കോടി രൂപ സമാഹരിച്ചു; പണത്തിന്റെ ചിത്രം ഉള്‍പ്പെടെ ഇഡി പുറത്ത് വിട്ടു

കൊച്ചി : ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.5 കോടി രൂപയും കണ്ടുകെട്ടിയെന്ന് അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകള്‍ വിവരിക്കുന്നത്.

പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ഇ ഡി വിവരങ്ങള്‍ പങ്കുവച്ചത്. ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രവാസികളില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചു. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇഡി അധികൃതര്‍ അറിയിച്ചു.

ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. കോടമ്പാക്കത്തെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.

നേരത്തെ ഗോകുലം ഗോപാലന്റെ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയല്‍ ചെയ്തവയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികളാണ് പരിശോധിച്ചത്. ഈ കേസുകളില്‍ ഗോകുലം ഗോപാലനെ അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button