Kerala

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിൽ താമസിച്ചതിന് തെളിവുകളുണ്ട്: ലോക്‌നാഥ് ബെഹ്‌റ

ദേശീയ അന്വേഷണ ഏജന്‍സി ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നതായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തഹാവൂര്‍ റാണ ഒന്നിലധികം തവണ കൊച്ചിയിലെത്തിയിരുന്നതായി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയതിന് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

എന്‍ഐഎ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗത്തിന്റെ മുന്‍ തലവനായിരുന്ന ബെഹ്‌റ 2008 നവംബറില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയിരുന്നതായി വ്യക്തമാക്കി. എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് അന്ന് ഇയാള്‍ തങ്ങിയതെന്നും ബെഹ്‌റ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിലെ മറ്റൊരു സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലിയെ ബെഹ്‌റ ഉള്‍പ്പെട്ട സംഘം അന്ന് ചോദ്യം ചെയ്തിരുന്നതായും അറിയിച്ചു. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതില്‍ റാണയുടെ പേര് ഉണ്ടായിരുന്നതായും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

അതേസമയം തഹാവൂര്‍ റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.ഡല്‍ഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം. കോടതിയില്‍ നേരിട്ടെത്തിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ വഴിയാകും കോടതിയില്‍ ഹാജരാക്കുക. റാണയെ കൊണ്ടുവരുന്നതോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്യുക. റാണയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയന്‍ പൗരനാണെന്നാണ് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്.

2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബയ് ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂര്‍ റാണ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആര്‍മി മെഡിക്കല്‍ കോറില്‍ പ്രവര്‍ത്തിച്ചു.

ബിസിനസുമായി ബന്ധപ്പെട്ട് 1997 മുതല്‍ കാനഡയിലാണ്. ഹെഡ്‌ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കും അടുപ്പിച്ചു. എന്‍ ഐ എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ സാക്കിയുര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.

The post തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിൽ താമസിച്ചതിന് തെളിവുകളുണ്ട്: ലോക്‌നാഥ് ബെഹ്‌റ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button