നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിൻറെ മരണം, സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല.
പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന് എം.ആര് രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പി.പി. ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.
The post നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ appeared first on Metro Journal Online.