ചാലക്കുടിയിൽ അപകടത്തിൽ പരുക്കേറ്റ രോഗിയുടെ സഹോദരൻ ആംബുലൻസ് അടിച്ചു തകർത്തതായി പരാതി

തൃശ്ശൂർ ചാലക്കുടിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തതായി പരാതി. കൂടപ്പുഴ സ്വദേശി ഷിന്റോ സണ്ണിയാണ് അതിക്രമം നടത്തിയത്. പ്രതിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ഷിന്റോയുടെ സഹോദരൻ സാന്റോയെ ബൈക്ക് അപകടത്തിൽ പരുക്ക് പറ്റി ചാലക്കുടി ചാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെന്റ് ജയിംസ് ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് എത്തിയപ്പോഴാണ് ഷിന്റോ അക്രമാസക്തനായത്.
സാന്റോയുടെ പരുക്ക് ഗുരുതരമായതിനെ തുടർന്നാണ് ആശുപത്രി മാറ്റാൻ അധികൃതർ നിർദേശിച്ചത്. രോഗിയെ മാറ്റാനായി എത്തിയ താലൂക്ക് ആശുപത്രിയുടെ ആംബുലൻസാണ് അടിച്ചു തകർത്തത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
The post ചാലക്കുടിയിൽ അപകടത്തിൽ പരുക്കേറ്റ രോഗിയുടെ സഹോദരൻ ആംബുലൻസ് അടിച്ചു തകർത്തതായി പരാതി appeared first on Metro Journal Online.