കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കോട്ടയം തിരുവാതിൽക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45ന് വേലക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു
സംഭവത്തിൽ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് വിജയകുമാർ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
വിജയകുമാറും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് വിജയകുമാർ. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുമ്പ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ട് മുറികളിലായാണ് മൃതദേഹങ്ങൾ കണ്ടത്. വീടിനുള്ളിൽ നിന്ന് കോടലി അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്
വിജയകുമാറിന്റെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇരുവരുടെയും ശരീരത്തിൽ മുറിവുകളുമുണ്ട്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
The post കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് appeared first on Metro Journal Online.