കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിൽ മർദ്ദനമേറ്റതിന്‍റെ ആഘാതത്തിൽ ശ്വാസം മുട്ടൽ ഉണ്ടായി. കഴുത്തിനേറ്റ പരിക്കും മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കേസിൽ പ്രദേശവാസികളായ അച്ഛനെയും മക്കളെയും അടക്കം 10 പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.
മായനാട് സ്വദേശിയായ 20 വയസുകാരൻ സൂരജാണ് കൊലപ്പെട്ടത്. കോളേജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി രണ്ട് മണിക്കാണ് സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെ ഒരു സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ആദ്യം നാട്ടുകാർ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മർദിക്കുകയായിരുന്നു. ചാത്തമംഗലം എസ്എൻഎസ്ഇ കോളേജിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിയത്. കാർ പാർക്കിങ്ങിനെ ചൊല്ലി കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ സൂരജ് തന്റെ സുഹൃത്തിന് വേണ്ടി ഇടപെട്ടിരുന്നു. ഇതിൽ എതിർ ഭാഗത്തിന് സൂരജിനോട് എതിർപ്പ് ഉണ്ടായിരുന്നു. ഇന്നലെ ഉത്സവ പറമ്പിൽ സൂരജിനെ കണ്ട് വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
The post കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് appeared first on Metro Journal Online.