ഹെഡ്‌ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്

പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബിജെപി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് തല്ലുണ്ടായത്. കയ്യാങ്കളിക്കിടയില്‍ നഗരസഭയിലെ മൈക്കുകൾ തകര്‍ത്തു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയര്‍പേഴ്‌സണെ ബിജെപി അംഗങ്ങള്‍ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി.
നിലവില്‍ പ്രതിഷേധം ചെയര്‍പേഴ്‌സന്റെ മുറിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാൽ പ്രമേയം പാസാക്കിയെന്നും ഭൂരിപക്ഷം ഉണ്ടെന്നും ചെയർപേഴ്സണ്‍ പ്രതികരിച്ചു.
നഗരസഭയ്ക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയിരുന്നു. കൗണ്‍സില്‍ ഹാളിനകത്ത് എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്‌സണ് കരിങ്കൊടി കാണിച്ചിരുന്നു. പിന്നാലെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി തുടങ്ങിയത്.
The post ഹെഡ്‌ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല് appeared first on Metro Journal Online.