Kerala

ആസ്തി 340 കോടി; കാറുകള്‍ക്കു മാത്രം 100 കോടിയോളം: മമ്മുട്ടിയുടെ കാറുകളോടുള്ള ഭ്രമം ചെറുതല്ല

കൊച്ചി: മലയാള സിനിമാ ലോകത്ത് കാറ് ഹരമായ ഒരുപാട് താരങ്ങള്‍ നമുക്കുണ്ട്. അവരുടെ നിര വളരെ നീണ്ടതുമാണ്. എന്നാല്‍ ഇവരില്‍ ഒന്നാമത്തെ കാര്‍ ഭ്രാന്തന്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം റെഡി, അത് മറ്റാരുമല്ല മലയാളത്തിന്റെ പൗരുഷ പ്രതീകമായ സാക്ഷാല്‍ മമ്മുട്ടി. പ്രായം പലരും തമാശയായി പറയുംപോലെ നമ്പറല്ലേയെന്നാണെങ്കില്‍ മമ്മുട്ടിയുടെ കാര്യത്തില്‍ അത് യാഥാര്‍ഥ്യമാണ്.

മലയാളം ഉള്‍പ്പെടെ നാനൂറിലധികം സിനിമകളില്‍ മമ്മുട്ടി അഭിനയിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകളിലും വൈവിധ്യമാര്‍ന്ന പരകായപ്രവേശങ്ങള്‍ സാധ്യമാക്കിയ മമ്മുട്ടിക്ക് 340 കോടിയിലധികം ആസ്തിയുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 100 കോടിയും നിക്ഷേപിച്ചിരിക്കുന്നത് തന്റെ കാര്‍ ശേഖരത്തിലാണ്.

പല നടന്മാര്‍ക്കും സിനിമ ഒരു പ്രഫഷന്‍ മാത്രമാണെങ്കില്‍ മമ്മുട്ടിക്ക് അതൊരു വികാരമാണ്. അവസരങ്ങള്‍ കുറയുന്ന ഒരു കാലം ഉള്‍പ്പെടെ ഏത് കയ്‌പ്പേറിയ സാഹചര്യത്തിലും സിനിമയ്ക്കൊപ്പം മാത്രമേ തനിക്കു ജീവിതമുള്ളൂവെന്ന് വ്യക്തമാക്കിയ നടനാണ് മമ്മുട്ടി. സിനിമയുടെ അഭിനയമെന്ന ഒരു കോണില്‍ മാത്രം നില്‍ക്കാതെ അതിന്റെ സാങ്കേതികവശങ്ങളും ഫോട്ടോഗ്രഫിയിലും താത്പര്യമുള്ള മമ്മൂക്കയുടെ വാഹനങ്ങളോടുള്ള ഭ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏത് പുതിയ വാഹനം മാര്‍ക്കറ്റില്‍ എത്തിയാലും എത്ര പണം മുടക്കേണ്ടിവന്നാലും അടുത്ത നിമിഷം അത് സ്വന്തമാക്കുകയെന്നത് കുറേ കാലമായി അദ്ദേഹത്തിന്റെ ശീലമാണ്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിയുടെ ഒരു വര്‍ഷത്തെ ശരാശരി വരുമാനം 50 കോടിയോളമാണ്. ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റിനായി 4 കോടിയും ഒരു പടത്തിനായി 10 കോടിയുമാണ് മമ്മൂട്ടിയുടെ പ്രതിഫലം. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജേറോ സ്‌പോര്‍ട്ട്, ഔഡി എ7 സ്‌പോര്‍ട്‌സ്ബാക്ക്, മിനി കൂപ്പര്‍ എസ്, ജാഗ്വാര്‍ എക്സ്ജെ, ബിഎംഡബ്ല്യു 5 സീരീസ്, ഇ46 ബിഎംഡബ്ല്യു എം3, ഫോക്സ്‌വ്വാഗണ്‍ പസാറ്റ് എന്നിവയ്‌ക്കൊപ്പം 90 ലക്ഷം വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് ജി-ക്ലാസും മമ്മൂട്ടിയുടെ പക്കലുണ്ട്. ബെന്‍സ് കാരവാനില്‍ നിന്നുള്ള വാനിറ്റി വാന്‍. 45 ലക്ഷം വില വരുന്ന മിനി കൂപ്പര്‍ എന്നിങ്ങനെ പോകുന്നു അത്.

മമ്മൂട്ടിയുടെ മിക്ക കാറുകളുടെയും നമ്പര്‍ വരുന്നത് ‘369’ ആണ്. ഈ നമ്പറിന് പിന്നില്‍ രസകരമായ ഒരു മറവിയുടെ കഥയുണ്ട്. സിനിമ സെറ്റിലേക്കു ഒരിക്കല്‍ വന്ന മമ്മൂട്ടിക്ക് തന്റെ സ്യൂട്ട്‌കെയ്‌സിന്റെ നമ്പര്‍ ലോക്ക് മറന്നെന്നും എങ്ങനെയോ 369 എന്ന് അടിച്ചു അതു തുറക്കാന്‍ സാധിച്ചതില്‍ പിന്നെയാണ് ആ നമ്പര്‍ ഇഷ്ടപ്പെട്ടതായി മാറിയതെന്നുമാണ് കഥ. കഥയില്‍ പതിരുണ്ടോയെന്നൊന്നും നോക്കുന്നതില്‍ കാര്യമില്ല, പക്ഷേ മമ്മൂക്കയുടെ വാഹങ്ങളുടെ ഇഷ്ടപ്പെട്ട നമ്പരായി 369 മാറിയെന്നതാണ് ചരിത്രം.

അധികം ദൂരെയല്ലാത്ത ലൊക്കേഷനുകളിലേക്ക് ഷൂട്ടിനായി പോകാന്‍ ജാഗ്വാര്‍ എക്സ്ജെയും പ്രാദേശിക സന്ദര്‍ശനങ്ങള്‍ക്ക് ടൊയോട്ട ലാന്‍ഡ് ക്രൂയിസറുമാണ് മമ്മൂട്ടി ഉപയോഗിക്കാറുള്ളത്. മമ്മൂട്ടി അടുത്തിടെ സ്വന്തമാക്കിയ കാര്‍ 4 കോടിയുടെ ഫെരാരി 812 ആയിരുന്നു. ബാപ്പച്ചിയെപ്പോലെ മകന്‍ ദുല്‍ഖല്‍ സല്‍മാനും കാര്‍ ഭ്രമത്തില്‍ ഒട്ടും പിന്നിലല്ല. അദ്ദേഹത്തിനും വലിയൊരു കാര്‍ ശേഖരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button