ബാബരിയുടെ പതനം രാമൻ പോലും സഹിക്കില്ല; അന്ന് രാത്രി കുറിച്ചതാണ് അലയും കാറ്റിൻ ഹൃദയം: കൈതപ്രം ദാമോദരൻ നമ്പൂതിരി

മലയാളികൾക്ക് തലമുറകളോളം ഓർത്തിരിക്കാൻ തക്ക മനോഹര ഗാനങ്ങൾ രചിച്ച ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. എൺപതുകൾ മുതൽ ചലച്ചിത്ര ലോകത്ത് സജീവമായ അദ്ദേഹത്തിന്‍റെ തൂലികയിൽ വിരിഞ്ഞ, മലയാളികൾ ഇപ്പോഴും മൂളുന്ന ഗാനങ്ങൾ അനവധിയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗാനമാണ് കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ, മമ്മൂട്ടി നായകനായി എത്തിയ വാത്സല്യത്തിലെ ‘അലയും കാറ്റിൻ ഹൃദയം’ എന്ന ഗാനം.
‘അലയും കാറ്റിൻ ഹൃദയം’ എഴുതിയതിന് പിന്നിലെ നോവേറുന്ന കഥ കൂടി പറയുകയാണ് ഇപ്പോൾ കൈതപ്രം. ബാബരി മസ്‌ജിദ് പൊളിച്ച അന്നായിരുന്നു താനാ പാട്ടെഴുതിയത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിഷമം നിറഞ്ഞ ഹൃദയത്തോടെയാണ് അതെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദിന്‍റെ തകർച്ച രാമന് പോലും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിട്ടാണ് തനിക്കത് തോന്നിയതെന്നും അഭിമുഖത്തിൽ കൈതപ്രം കൂട്ടിച്ചേർത്തു.
വാത്സല്യം സീതാരാമൻമാരുടെ കഥയാണ്. രാമനാണ് ഏട്ടൻ. പിന്നെ അത് മാത്രമല്ല ആ പാട്ട് എഴുതുന്ന ദിവസം എനിക്ക് വേറൊരു ഫീൽ കൂടി ഉണ്ടായിരുന്നു. ആ ദിവസമാണ് ബാബരി മസ്‌ജിദ് പൊളിക്കുന്നത്. അപ്പോഴാ പാട്ടിൽ ‘രാമായണം കേൾക്കാതെയായി പൊൻമൈനകൾ മിണ്ടാതെയായി’ എന്ന വരികൾ അറിയാതെ വന്നു. ആ വിഷയം പെട്ടന്ന് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമന് പോലും സഹിക്കാൻ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. ഞാനതിൽ രാഷ്‌ട്രീയമായെന്നും പറയുന്നില്ല. എനിക്ക് പേഴ്‌സണലായി തോന്നിയ ഒരു കാര്യം. ബാബറി മസ്‌ജിദ് പൊളിച്ച അന്ന് രാത്രിയാണ് ആ പാട്ടെഴുതുന്നത്.’– കൈതപ്രം അഭിമുഖത്തിൽ പറഞ്ഞു.
The post ബാബരിയുടെ പതനം രാമൻ പോലും സഹിക്കില്ല; അന്ന് രാത്രി കുറിച്ചതാണ് അലയും കാറ്റിൻ ഹൃദയം: കൈതപ്രം ദാമോദരൻ നമ്പൂതിരി appeared first on Metro Journal Online.