Gulf

ദുബൈയില്‍ പരിഷ്‌കരിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; തിരക്കേറിയ നേരത്ത് ആറു ദിര്‍ഹം, ജീവിത ചെലവ് വര്‍ധിക്കും

ദുബൈ: പരിഷ്‌കരിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ ദുബൈയില്‍ പ്രാബല്യത്തിലാവും. നേരത്തെ തന്നെ ജനുവരി 31ന് പുതുക്കിയ ടോള്‍ നിരക്കാവും ഈടാക്കുകയെന്ന് ദുബൈ സാലിക് അതോറിറ്റി വ്യക്തമാക്കിയിരുന്നു. എല്ലാ സമയത്തും ഒരേ നിരക്കിലുള്ള പഴയ രീതിയിക്കു പകരം നാളെ മുതല്‍ തിരക്കുള്ള നേരത്ത് ടോള്‍ നിരക്ക് കൂടുകയും തിരക്കു കുറയുന്ന അവസരത്തില്‍ കുറയുകയും ചെയ്യുന്ന ഫ്‌ളക്‌സിബിള്‍ ടോള്‍ രീതിയാണ് നിലവില്‍വരുന്നത്.

തിരക്കേറിയ സമയമായി നിര്‍വചിച്ചിരിക്കുന്ന രാവിലെ ആറുമുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ എട്ടുവരെയും ഓരോ ഗേറ്റിനും ആറു ദിര്‍ഹംവീതം ചെലവഴിക്കണം. ആകെയുള്ള 10 ടോള്‍ ഗേറ്റുകള്‍ പിന്നിടുമ്പോള്‍ 60 ദിര്‍ഹം നല്‍കേണ്ടിവരും. ഇന്നുവരെയുള്ള ടോള്‍ നിരക്ക് ഓരോ കവാടത്തിനും നാലു ദിര്‍ഹമായിരുന്നു. തിരക്കു കുറഞ്ഞ സമയമായ രാവിലെ 10 മുതല്‍ നാലുവരെയും രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒന്നുവരെയും സാലിക് നിരക്ക് ഓരോ കവാടത്തിനും നാലു ദിര്‍ഹമായിരിക്കും.

പുലര്‍ച്ചെ ഒന്നിനും രാവിലെ ആറിനും ഇടയില്‍ സാലിക് ഗേറ്റുകളില്‍ ടോള്‍ ഈടാക്കില്ല. ഞായറാഴ്ചകളിലും നാലു ദിര്‍ഹമായിരിക്കും നിരക്ക്. ദിവസവും 10 ടോള്‍ കവാടങ്ങളും കടന്നുപോയി വരുന്ന ഒരാള്‍ക്ക് പ്രവര്‍ത്തി ദിനങ്ങളായ ആഴ്ചയവധി കഴിച്ചുള്ള 26 ദിവസത്തേക്ക് 3,120 ദിര്‍ഹം ചെലവിടേണ്ടിവരും. ഇത് മിക്കവര്‍ക്കും താങ്ങാവുന്നതിലും അധികമായിരിക്കും. ഷാര്‍ജയില്‍ താമസിച്ച് ദുബൈയില്‍ ജോലിക്കെത്തുന്നവര്‍ സ്വന്തം വാഹനം മെട്രോ പാര്‍ക്കിങ്ങുകളില്‍ വിശ്രമിക്കാന്‍ വിട്ട് മെട്രോയിലോ, ബസിലോ സഞ്ചരിച്ചാല്‍ സാലിക്കില്‍നിന്നും രക്ഷപ്പെടാം. അല്ലെങ്കില്‍ ഓഫിസുകള്‍ക്ക് സമീപത്തേക്ക് താമസം മാറ്റാന്‍ ശ്രമിക്കേണ്ടിവരും.

നാളെ മുതല്‍ ഇരുദിശയിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് എല്ലാ ടോള്‍ കവാടങ്ങളും കടന്നുപോകുന്നുണ്ടെങ്കില്‍ 60 ദിര്‍ഹവും തിരിച്ച് ഇതേ പാതയില്‍ മടങ്ങുന്നുണ്ടെങ്കില്‍ ഇനി 120 ദിര്‍ഹവും ദിനേന ചെലവഴിക്കേണ്ടിവരും. നിലവില്‍ ഇത് 40ഉം 80 ദിര്‍ഹമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button