കനത്ത മഴയും കാറ്റും: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചരിഞ്ഞു

കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടർന്നാൽ ടവർ പൂർണമായും വീഴുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ഇതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു. കോഴിക്കോട് കണ്ണാടിക്കലിൽ വീടിന് മുകളിൽ മരം വീണു. കണ്ണാടിക്കൽ തുളസീധരൻ എന്നയാളുടെ വീട്ടിലേക്കാണ് മരം വീണത്.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ ഭാഗങ്ങളിൽ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകളായി.
The post കനത്ത മഴയും കാറ്റും: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചരിഞ്ഞു appeared first on Metro Journal Online.