എന്നെയും ടൊവിനോയെയും തെറ്റിക്കാൻ ശ്രമം; വിപിൻ അപവാദ പ്രചാരണം നടത്തി: ഉണ്ണി മുകുന്ദൻ

മാനേജരെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാർ ആരോപിക്കുന്ന പോലെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെ പോലെ കൂടെയുണ്ടായിരുന്ന വ്യക്തി തന്നെ കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു
സിസിടിവി ക്യാമറ ഉള്ളിടത്താണ് ഇതെല്ലാം നടന്നത്. സുഹൃത്ത് വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നു. പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലെ ചില പ്രവർത്തികൾ വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. സുഹൃത്തിനെ പോലെ കൂടെ കൂട്ടിയ ആൾ എന്തിന് ഇങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്നറിയാൻ വേണ്ടിയാണ് വിപിനെ നേരിട്ട് കാണാൻ കൊച്ചിയിലെ ഫ്‌ളാറ്റിൽ പോയത്
ബേസ്‌മെന്റ് പാർക്കിംഗിൽ വെച്ചാണ് വിപിൻ വന്നത്. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ചാണ് വിപിൻ വന്നത്. കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്റെ കണ്ണിൽ പോലും നോക്കി സംസാരിക്കാൻ അയാൾക്ക് സാധിക്കുന്നില്ല. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല
നരിവേട്ട സിനിമക്കെതിരെ ഞാൻ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപഗണ്ടയാണ്. ഞാൻ ടൊവിനോയെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. ഇതുപോലുള്ള കള്ളപ്രചാരണങ്ങൾക്ക് ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു
The post എന്നെയും ടൊവിനോയെയും തെറ്റിക്കാൻ ശ്രമം; വിപിൻ അപവാദ പ്രചാരണം നടത്തി: ഉണ്ണി മുകുന്ദൻ appeared first on Metro Journal Online.