നിലമ്പൂരിൽ എൽഡിഎഫിനായി ആര് ഇറങ്ങും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ അതോ പാർട്ടി നേതൃത്വത്തിൽ നിന്ന് ഒരാളെ നിർത്തണോ എന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.
മലപ്പുറം ജില്ലാ കമ്മിറ്റിക്ക് എം. സ്വരാജിനെ സ്ഥാനാർഥിയാക്കാനാണ് താൽപ്പര്യം. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി. ഷബീർ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പ്രൊഫ. തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ പേരുകളാണ് പൊതുസ്വതന്ത്രരായി പറഞ്ഞു കേൾക്കുന്നത്.
പി.വി. അൻവർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയസാധ്യത കൂടിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടും തന്ത്രങ്ങളും യോഗം ചർച്ച ചെയ്യും. ഏതൊക്കെ മുതിർന്ന നേതാക്കൾ നിലമ്പൂരിൽ ക്യാമ്പ് ചെയ്യണമെന്നും യോഗത്തിൽ തീരുമാനിക്കും.
എൽഡിഎഫ് യോഗവും ഇന്ന് ചേരും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമമാക്കുന്ന സ്ഥാനാർഥിയുടെ പേര് സിപിഎം നേതാക്കൾ എൽഡിഎഫ് യോഗത്തെ അറിയിക്കും. വൈകിട്ട് 3.30ന് എകെജി സെന്ററിലാണ് യോഗം. സിറ്റിംഗ് സീറ്റിൽ ഏത് വിധേനയും വിജയിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. വിജയം ഉറപ്പാക്കിയാൽ തുടർഭരണ സാധ്യത സജീവമായി നിലനിർത്താൻ കഴിയുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
The post നിലമ്പൂരിൽ എൽഡിഎഫിനായി ആര് ഇറങ്ങും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് appeared first on Metro Journal Online.