റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; ആർഎസ്എസ് നേതാവ് എൻആർ മധു അറസ്റ്റിൽ

റാപ്പർ വേടനെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിൽ ഹാജരായ മധുവിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആൾ ജാമ്യത്തിൽ വിട്ടയച്ചു.
സി.പി.എം. കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് എൻ.ആർ. മധുവിനെതിരെ കേസെടുത്തത്. വേടൻ്റെ പാട്ടുകൾ ‘ജാതി ഭീകരവാദം’ പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു മധുവിൻ്റെ പരാമർശം. കൊല്ലം കുണ്ടറയിലെ ഒരു ക്ഷേത്ര പരിപാടിയിലാണ് മധു ഈ വിദ്വേഷ പരാമർശം നടത്തിയത്.
“വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നത്. ഇതിന് പിന്നിൽ രാജ്യത്തെ വിഘടിപ്പിക്കുന്നത് സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ട്,” എന്നും മധു ആരോപിച്ചിരുന്നു. ആളുകൾ കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പലപ്പറമ്പിൽ കാബറെ ഡാൻസ് വെക്കുമെന്നും ആർ.എസ്.എസ്. നേതാവ് കൂട്ടിച്ചേർത്തു.
The post റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; ആർഎസ്എസ് നേതാവ് എൻആർ മധു അറസ്റ്റിൽ appeared first on Metro Journal Online.