Kerala

നെഞ്ചുലഞ്ഞ് ഒരുനാട്; അനന്തുവിന് യാത്രാമൊഴി – Metro Journal Online

മലപ്പുറം: നിലമ്പൂ‍ർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം കുട്ടിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ആയിരങ്ങളാണ് പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്കാരം.

അതേസമയം, അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉൾപ്പെടെ അന്വേഷിക്കും. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button