Kerala

കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരന് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനശ്വര്‍ സുനിലിലാണ് മര്‍ദ്ദനമേറ്റത്. സ്വകാര്യബസ് ജീവനക്കാര്‍ കണ്‍സഷന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

 

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നും വാവാടിലേക്ക് യാത്ര ചെയ്യാനാണ് വിദ്യാര്‍ത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടില്‍ ഒടുന്ന അസാറോ എന്ന സ്വകാര്യബസില്‍ കയറിയത്. കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും, ഇത് അനശ്വര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ മര്‍ദ്ദനത്തില്‍ നെറ്റിക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

ബസ്സ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ താമരശ്ശേരി പഴയ സ്റ്റാന്റിനും, പുതിയ സ്റ്റാന്റിനും ഇടക്ക് വെച്ചായിരുന്നു മര്‍ദ്ദനം. ഓമശ്ശേരിയില്‍ നിന്നും വരുന്ന ബസ്സില്‍ കൂടത്തായിയില്‍ വെച്ച് അനശ്വറിന്റെ സുഹൃത്തുക്കള്‍ കയറിയിരുന്നു. എന്നാല്‍ തിരക്കു കാരണം അനശ്വറിന് കയറാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു ബസ്സില്‍ താമരശ്ശേരിയില്‍ എത്തിയ ശേഷം വീട്ടിലേക്ക് പോകാനാണ് അസാറോ എന്ന ബസില്‍ കയറിയത്.

ആദ്യം കുട്ടിയെ ക്ലീനര്‍ ബസില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഇതു കണ്ട ഓട്ടോ തൊഴിലാളികള്‍ കുട്ടിയോട് ബസില്‍ തിരികെ കയറാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് കണ്ടക്ടറും ക്ലീനറും ചേര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും ക്ലീനറും കണ്ടക്ടറും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button