Gulf

ലോകത്തെ ആദ്യ എഐ ഷെഫ് ദുബായിൽ

ദുബായ്: അസാധാരണ മികവുള്ള ഒരു ഷെഫിനെ ദുബായ് ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഇദ്ദേഹത്തിന് സാധാരണ ഷെഫുമാരുടേത് പോലെ രണ്ട് നിരകളിലായി ബട്ടണുകളുള്ള ജാക്കറ്റോ, കറുപ്പും വെളുപ്പും ഇടകലർന്ന, ചെറു ചതുരാകൃതിയിൽ ഡിസൈൻ ഉള്ള പാന്‍റസോ വെള്ളത്തൊപ്പിയോ ഒന്നുമില്ല.

കൈയിൽ ‘പണിയായുധ’ങ്ങളോ ഇല്ല. എന്നാലും ഏത് രുചിക്കൂട്ടുകളും അനായാസം ഒരുക്കാനുള്ള മികവ് ഈ ഷെഫിനുണ്ട്. ഏത് റെസിപ്പിയും നിമിഷ നേരം കൊണ്ട് തയ്യാറാക്കാൻ ഈ അഭിനവ ഷെഫിന് സാധിക്കും. ഈ പാചക വിദഗ്ദ്ധന്‍റെ പേര് – ഷെഫ് ഐമാൻ. വിസ്മയങ്ങളുടെ നഗരമായ ദുബായ് അവതരിപ്പിക്കുന്ന ലോകത്തെ ആദ്യ എ ഐ അധിഷ്ഠിത ഷെഫ്. ഈ വേനൽകാലത്ത് തന്നെ ബുർജ് ഖലീഫയുടെ എതിർവശത്തുള്ള കെംപിൻസ്കി ഹോട്ടലിലെ വൂഹൂ റസ്റ്റോറന്‍റിൽ ഐമാൻ ചുമതലയേൽക്കും.

പ്രശസ്ത ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ഗാസ്ട്രോനോട്ടാണ് ലോകത്തിലെ ആദ്യത്തെ എ ഐ ഷെഫ് നടത്തുന്ന റസ്റ്റോറന്‍റായ വുഹുവിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചത്. ഭക്ഷണത്തിനുള്ള ചേരുവകൾ നിർദേശിക്കാനും, പാചകക്കുറിപ്പുകൾ തയ്യാറാക്കാനും, അടുക്കള പ്രവർത്തനങ്ങളിൽ സഹായിക്കാനും, മെനു ക്രമീകരിക്കാനും ഐമാന് കഴിയും.

ഷെഫുമാരെ ഒഴിവാക്കാനല്ല. അവരുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അവരെ സഹായിക്കാനുമാണ് ഐമാനെ നിയോഗിക്കുന്നത് എന്ന് എഐ ഷെഫിനെ വികസിപ്പിച്ചെടുത്ത UMAI ടീം വ്യക്തമാക്കി. ഒരു പാചക സഹ-പൈലറ്റിന്‍റെ ധർമ്മമായിരിക്കും എഐ ഷെഫ് നിറവേറ്റുന്നത് എന്നും സംഘം വിശദീകരിക്കുന്നു.

വുഹുവിന്‍റെ മെനുവിൽ ജാപ്പനീസ്, മെക്സിക്കൻ, പെറുവിയൻ രുചികളിലുള്ള ഭക്ഷണമാണ് ഉണ്ടാകുക. ഇവയുടെ സ്വാദിഷ്ടമായ സങ്കലനം സാധ്യമാക്കാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഷെഫിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. പാചക കാര്യങ്ങളിൽ മാത്രമല്ല മറ്റ് കാര്യങ്ങളിലും ‘എക്സ്ട്രാ ഡീസന്‍റാ’ണ് ഐമാൻ.

കർശനമായ ധാർമ്മിക പ്രോട്ടോക്കോളുകൾ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്‍റെ പെരുമാറ്റം. എല്ലാ പാചകക്കുറിപ്പുകളും തത്സമയ ഫീഡ്‌ബാക്ക് ലൂപ്പുകൾ ഉപയോഗിച്ച് പരീക്ഷിക്കുകയും അവയുടെ സുതാര്യത, സുരക്ഷ, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയും ചെയ്യും. എഐ ഷെഫിന്‍റെ കൈപ്പുണ്യം ആസ്വദിക്കാൻ താത്പര്യമുള്ളവർക്കായി വുഹു റസ്റ്റോറന്‍റ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

The post ലോകത്തെ ആദ്യ എഐ ഷെഫ് ദുബായിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button